ഹാമർ തലയിൽ വീണ് അപകടം; കായികാധ്യാപകരെയും വിധികർത്താക്കളെയും പൊലീസ് ചോദ്യം ചെയ്യും

സംസ്ഥാന പാലായിൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ പതിച്ച് വിദ്യാർത്ഥി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ സംഘാടകരെ പൊലീസ് ചോദ്യം ചെയ്യും. ത്രോ മത്സരങ്ങൾക്ക് നേതൃത്വം നൽകിയ കായികാധ്യാപകരെയും വിധികർത്താക്കളെയുമാണ് പാലാ പൊലീസ് ചോദ്യം ചെയ്യുക.
ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരുമിച്ച് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. പിന്നാലെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി സംഘാടകരെ വിളിച്ചു വരുത്തുന്നത്. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നിയന്ത്രിച്ച കായിക അധ്യാപകരെയും, വിധികർത്താക്കളെയുമാണ് ചോദ്യം ചെയ്യുക. ദൃക്സാക്ഷികളായ മത്സരാർത്ഥികളിൽ നിന്നും വോളണ്ടിയർമാരിൽ നിന്നും പോലീസ് മൊഴിയെടുക്കും. മാനദണ്ഡങ്ങൾ പാലിക്കാതെ മത്സരം നടത്തിയ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ഗുരുതര വീഴ്ച്ചയാണ് വരുത്തിയതെന്ന് ആർ ഡി.ഒ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയും ഉടൻ അന്വേഷണം ആരംഭിക്കും.
ഇതിനിടെ ഹാമർ പതിച്ച് ഗുരുതരമായി പരിക്കേറ്റ അഫേൽ ജോൺസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലായി. മരുന്നുകൾ കുറച്ചാൽ മാത്രമെ തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്താനാകു. വെളളിയാഴ്ച്ചയാണ് മത്സരത്തിന്റെ വോളണ്ടിയറായിരുന്ന അഫേലിന് ഹാമർ പതിച്ച് പരിക്കേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here