Advertisement

പീട്ടിനു ഫിഫ്റ്റി: ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ദക്ഷിണാഫ്രിക്കയുടെ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ട്

October 6, 2019
0 minutes Read

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ജയം വൈകുന്നു. ഡെയിൻ പീട്ടും സേനുരൻ മുത്തുസാമിയും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കുന്നത്. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കോലിക്ക് ഈ കൂട്ടുകെട്ട് തകർക്കാനായില്ല.

70 റൺസിന് എട്ടു വിക്കറ്റുകൾ നഷ്ടമായപ്പോൾ ക്രീസിൽ ഒത്തു ചേർന്നതാണ് ഡെയിൻ പീട്ടും സേനുരൻ മുത്തുസാമിയും. ഇന്ത്യൻ ബൗളിംഗിനെ തന്ത്രപൂർവം നേരിട്ട ഇരുവരും ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റ്സ്മാന്മാരെ നാണിപ്പിക്കും വിധമാണ് ബാറ്റ് ചെയ്തത്. ബഹുമാനിക്കേണ്ട പന്തുകളെ ബഹുമാനിച്ചും അതിർത്തി കടത്തേണ്ട പന്തുകളെ അതിർത്തി കടത്തിയും സഖ്യം മുന്നേറി. ഇതിനിടെ 86 പന്തുകളിൽ പീട്ട് അർധസെഞ്ചുറിയിലെത്തി.

നേരത്തെ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയുമാണ് ദക്ഷിണാഫ്രിക്കയുടെ മുൻനിരയെയും മധ്യനിരയെയും ചുഴറ്റിയെറിഞ്ഞത്. ജഡേജ നാലു വിക്കറ്റുകളും ഷമി മൂന്നു വിക്കറ്റുകളും വീഴ്ത്തി. ജഡേജ വീഴ്ത്തിയ നാലു വിക്കറ്റുകളിൽ മൂന്നും ഒരു ഓവറിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡീൻ എൽഗറിനെ (2) ഇന്നലെ അവസാന സെഷനിൽ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്ന് രാവിലത്തെ സെഷനിൽ ഡി ബ്രുയിനെ (10) അശ്വിൻ വീഴ്ത്തിയപ്പോൾ തെംബ ബാവുമ (0)യെയും ഫാഫ് ഡുപ്ലെസിസിനെയും (13) ക്വിൻ്റൺ ഡികോക്കിനെയും (0) ഷമി മടക്കി അയച്ചു. അഞ്ച് വിക്കറ്റിന് 60 റൺസ് എന്ന നിലയിലാണ് ചായക്ക് പിരിഞ്ഞത്.

തുടർന്നായിരുന്നു ജഡേജയുടെ മാജിക്ക് ഓവർ. 27ആമത്തെ ഓവറിലെ ആദ്യ പന്തിൽ ഒരു വശത്ത് പിടിച്ചു നിന്ന ഓപ്പണർ ഐഡൻ മാർക്രത്തെ (39) സ്വന്തം ബൗളിംഗിൽ ഉജ്ജ്വലമായി ജഡേജ പിടികൂടി. നാലാം പന്തിൽ വെർണോൺ ഫിലാണ്ടറെ (0)യും തൊട്ടടുത്ത പന്തിൽ കേശവ് മഹാരാജിനെ(0) യും വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ദക്ഷിണാഫ്രിക്കയെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു.

ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിട്ടുണ്ട്. പീട്ട് 50 റൺസെടുത്തും മുത്തുസാമി 33 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു. ഇരുവരും ചേർന്ന് ഇതുവരെ 79 റൺസാണ് ഒൻപതാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top