വിപ്ലവം: ഇറാനിലെ സ്റ്റേഡിയത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാം; ടിക്കറ്റുകൾ വിറ്റഴിഞ്ഞത് ശരവേഗത്തിൽ

‘നീലപ്പെൺകുട്ടി’ സഹർ കൊദയാരിയുടെ മരണം ഇറാനിലുണ്ടാക്കിയത് പുതു വിപ്ലവം. സഹറിൻ്റെ മരണത്തെത്തുടർന്ന് ലോകവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ സ്ത്രീകൾക്ക് പുരുഷ ഫുട്ബോൾ നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ ഇറാൻ ഭരണകൂടം അനുമതി നൽകിയിരിക്കുകയാണ്. വ്യാഴാഴ്‌ച നടക്കുന്ന ഇറാൻ-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്സരമാണ് ചരിത്രം രേഖപ്പെടുത്തുക. 40 വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിൽ വനിതകളുടെ കയ്യടിയും ആഹ്ലാദവും ശബ്ദവും അലയടിക്കും.
സ്റ്റേഡിയത്തിൻ്റെ ഒരു വശത്താണ് സ്ത്രീകൾക്കുള്ള ഇരിപ്പിടം. സ്ത്രീകൾക്കുള്ള 4,600 ടിക്കറ്റുകളിൽ 3500 എണ്ണവും വിറ്റു പോയിക്കഴിഞ്ഞു. 78,000 പേർക്ക് കളി കാണാനുള്ള സൗകര്യമുള്ള ആസാദി സ്‌റ്റേഡിയത്തിൽ സ്ത്രീകൾക്കായി മാറ്റി വെച്ചത് വെറും 4600 ടിക്കറ്റുകൾ മാത്രമാണെങ്കിലും ഇതൊരു മാറ്റമായാണ് ഫുട്ബോൾ ലോകം കാണുന്നത്.
1979ലാണ് കായിക മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണുന്നതിൽ നിന്നും ഇറാൻ യുവതികളെ തടഞ്ഞത്. അതിനു ശേഷം പലപ്പോഴായി പല യുവതികളും വേഷം മാറിയും മറ്റും ഫുട്ബോൾ മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലെത്തി. ഇടയിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൻ്റെ അവസാനമാണ് സഹർ കൊദയാരി മരണപ്പെടുന്നത്. മത്സരം കാണാനെത്തിയതിനെത്തുടർന്ന് അറസ്റ്റിലാവുകയും അതിൽ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തുകയും ചെയ്തതായിരുന്നു മരണ കാരണം.
ഇറാൻ ക്ലബ് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധ സൂചകമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here