ഹിറ്റ്‌മാനു നന്ദി: ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ റെക്കോർഡ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടും

ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ റെക്കോർഡ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടും. ഇരുവരും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. 2014ൽ ന്യൂസിലൻഡും പാകിസ്താനും ഷാർജയിൽ വെച്ച് ഏറ്റുമുട്ടിയ മത്സരത്തിലെ റെക്കോർഡാണ് ഇന്നത്തെ കളി പഴങ്കഥയാക്കിയത്. 35 സിക്സറുകളെന്ന റെക്കോർഡ് 36 ആക്കിയാണ് ഇരു ടീമുകളും തിരുത്തി എഴുതിയത്.
രണ്ടാം ഇന്നിംഗ്സിൽ രവീന്ദ്ര ജഡേജ എറിഞ്ഞ 35ആം ഓവറിൽ ഡെയിൻ പീട്ടാണ് മത്സരത്തിലെ 36ആം സിക്സർ നേടിയത്. മത്സരത്തിൽ ആകെ 13 സിക്സറുകൾ പറത്തിയ രോഹിത് ശർമ്മയാണ് ഈ നേട്ടത്തിലെത്താൻ ഇരു ടീമുകളെയും സഹായിച്ചത്. ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ ഏഴും സിക്സറുകൾ രോഹിത് നേടി. സഹ ഓപപ്ണർ മായങ്ക് അഗർവാൾ ആദ്യ ഇന്നിംഗ്സിൽ നേടിയ ആറ് സിക്സറുകളുടെ ബലത്തിൽ പട്ടികയിൽ രണ്ടാമതെത്തി. രണ്ടാം ഇന്നിംഗ്സിൽ അഗർവാൾ 7 റൺസെടുത്ത് പുറത്തായിരുന്നു.
മത്സരത്തിൽ ഇന്ത്യ 203 റൺസിന് വിജയിച്ചിരുന്നു. 95 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് പ്രോട്ടീസിനെ കെട്ടുകെട്ടിച്ചത്. 56 റൺസെടുത്ത ഡെയിൻ പീട്ടാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. സേനുരൻ മുത്തുസാമി 49 റൺസെടുത്ത് പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here