ടി-20യിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; പാക് യുവ പേസർക്ക് റെക്കോർഡ്

ടി-20യിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പാക് യുവ പേസർ മുഹമ്മദ് ഹൈസ്നൈന്. ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിലാണ് ഹസ്നൈൻ ഈ നേട്ടം സ്വന്തമാക്കിയത്.
19 വർഷവും 183 ദിവസവും പ്രായമുള്ളപ്പോഴാണ് ഹസ്നൈൻ ഹാട്രിക്ക് നേട്ടത്തിലെത്തിയത്. 16ആം ഓവറിലെ അവസാന പന്തിലും 19ആം ഓവറിലെ ആദ്യ രണ്ട് പന്തുകളിലുമായിരുന്നു വിക്കറ്റുകൾ. ഭനുക്ക രജപക്‌സ (32), ദാസുൻ ഷനക (17), ഷെഹാന്‍ ജയസൂര്യ (2) എന്നിവരെയായിരുന്നു അദ്ദേഹം പുറത്താക്കിയത്.
തൻ്റെ കരിയറിലെ രണ്ടാമത്തെ ടി-20 മത്സരത്തിലായിരുന്നു ഹസ്നൈൻ്റെ ഉശിരൻ പ്രകടനം. നാലോവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റിട്ട യുവ പേസറുടെ മികവിൽ ശ്രീലങ്കയെ 5 വിക്കറ്റ് നഷ്ടത്തിൽ 165 റൺസിന് ഒതുക്കിയെങ്കിലും മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടു. 101 റൺസിന് എല്ലാവരും പുറത്തായ പാകിസ്താൻ 64 റൺസിൻ്റെ കനത്ത തോൽവിയാണ് ഏറ്റു വാങ്ങിയത്. ശ്രീലങ്കക്കായി ഇസിരു ഉദാനയും നുവാൻ പ്രദീപും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here