‘ആരേയിലെ മരം മുറിക്കൽ നിർത്തിവയ്ക്കണം’: സുപ്രിംകോടതി

മഹാരാഷ്ട്രയിലെ മുംബൈ മെട്രോ ഷെഡ് നിർമാണത്തിനായി ആരേയിൽ മരം മുറിക്കുന്നതിനെതിരായ ഹരജിയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. ഹർജി തീർപ്പാക്കും വരെ മരം മുറിക്കൽ നിർത്തിവയ്ക്കണം. ഒരു കൂട്ടം നിയമ വിദ്യാർത്ഥികൾ ചീഫ് ജസ്റ്റിസിനയച്ച കത്തിൽ സ്വമേധയ കേസെടുത്താണ് സുപ്രിംകോടതി പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.
പൊതുഅവധി ഒഴിവാക്കിയാണ് നിയമ വിദ്യാർത്ഥികൾ നൽകിയ കത്തിൽ വാദം കേൾക്കാനായി സുപ്രിംകോടതി അടിയന്തരമായി സമ്മേളിച്ചത്. ആരേ മേഖല വനപ്രദേശമാണോ അല്ലയോ എന്നായിരുന്നു കോടതി പരിശോധിച്ചത്. അക്കാര്യത്തിൽ ഒക്ടോബർ 21ന് കൂടുതൽ വാദം കേൾക്കും. അതുവരെ മരംമുറിക്കൽ നിർത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
ആരേ വനപ്രദേശമാണെന്ന് കാണിച്ച് നേരത്തെ നൽകിയ ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതിനാൽ മരം മുറിക്കൽ അടിയന്തിരമായി തടയണമെന്ന് പരാതിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയാണ് നിയമ വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here