‘ആളൊരുക്ക’ത്തിന് നിറഞ്ഞ കയ്യടി; ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ഗംഭീര സ്വീകരണം

വിസി അഭിലാഷ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ആളൊരുക്കം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന നാലാമത് ബ്രിക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ഏറെ നേരം നീണ്ടു നിന്ന ഹർഷാരവത്തോടെയാണ് ചിത്രത്തെ വിദേശ പ്രേക്ഷകർ സ്വീകരിച്ചത്. ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. സംവിധായകൻ വിസി അഭിലാഷും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നടൻ ഇന്ദ്രൻസിന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഏറ്റവും മികച്ച സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ സിനിമയാണ് ആളൊരുക്കം. പ്രവാസി വ്യവസായിയായ ജോളി ലോനപ്പനാണ് ചിത്രം നിർമ്മിച്ചത്. ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെയും മകന്റെയും കഥയിലൂടെ വളരെ ഗൗരവമേറിയ ഒരു പ്രമേയമാണ് ആളൊരുക്കം പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here