ഡിവില്ല്യേഴ്സിനു പിന്നാലെ സ്റ്റെയിനും ബിഗ് ബാഷിലേക്ക്; മെൽബൺ സ്റ്റാർസിൽ കളിക്കും

എബി ഡിവില്ല്യേഴ്സിനു പിന്നാലെ മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം കൂടി ബിഗ് ബാഷ് ലീഗിലേക്ക്. സ്റ്റാർ പേസർ ഡെയിൽ സ്റ്റെയിനാണ് ബിബിഎല്ലിൻ്റെ വരുന്ന സീസണിൽ കളിക്കുക. മെൽബൺ സ്റ്റാർസാണ് സ്റ്റെയിനെ ടീമിലെത്തിച്ചത്. സ്റ്റെയിനുമായി മെൽബൺ സ്റ്റാർസ് 6 മാച്ചിൻ്റെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.
കുറേ നാളായി താൻ ബിബിഎല്ലിൽ കളിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നുവെന്ന് സ്റ്റെയിൻ പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി രണ്ട് മത്സരങ്ങൾ കളിച്ച സ്റ്റെയിൻ പരിക്കേറ്റ് പുറത്തായിരുന്നു. ലോകകപ്പിലും അദ്ദേഹത്തിനു കളിക്കാനായില്ല. ശേഷം, ഇന്ത്യക്കെതിരെ നടന്ന ടി-20 പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ സ്റ്റെയിൻ രംഗത്തു വന്നിരുന്നു.
നേരത്തെ എബി ഡിവില്ല്യേഴ്സ് ബ്രിസ്ബേൻ ഹീറ്റുമായാണ് കരാർ ഒപ്പിട്ടത്. വരുന്ന സീസണിൻ്റെ രണ്ടാം പാദത്തിലാണ് എബി ബിഗ് ബാഷ് ടീമിനൊപ്പം ചേരുക. ഇരുവർക്കുമൊപ്പം ഓൾറൗണ്ടർ ക്രിസ് മോറിസും സിഡ്നി തണ്ടറിനു വേണ്ടി ബിബിഎല്ലിൽ കളിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here