‘സിലിയുടേയും മകളുടേയും മരണത്തിന് പിന്നിൽ ജോളി തന്നെ’; ആരോപണവുമായി ഷാജുവിന്റെ പിതാവ്

സിലിയേയും മകൾ ആൽഫൈനേയും കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്ന് വിശ്വസിക്കുന്നതായി ഷാജുവിന്റെ പിതാവ് സക്കറിയാസ്. ആഡംഭര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു ജോളി. താൻ ഒരു മകളെ പോലെയാണ് ജോളിയെ കണ്ടിരുന്നതെന്നും സക്കറിയാസ് ട്വന്റിഫോറിനോട് പറഞ്ഞു.
റോയിയുടെ കാര്യത്തിൽ ജോളി കുറ്റം സമ്മതിച്ചിട്ടുണ്ട്. സിലിയുടേയും ആൽഫൈന്റേയും മരണത്തിന് പിന്നിൽ ജോളിയാണെന്ന് തന്നെ വിശ്വസിക്കുന്നു. ജോളിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം മകളെ പോലെയാണ് അവരെ കണ്ടത്. യാതൊരു വിധത്തിലുള്ള അവഗണനയും കാണിച്ചിട്ടില്ല. ഇത്രയും അടുത്ത് നിന്നിട്ടും ജോളി ഇത് ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും സക്കറിയാസ് പറഞ്ഞു.
ജോളി തന്നോട് പണം കടം വാങ്ങിയിരുന്നു. മകന് ഫോൺ വാങ്ങാനെന്ന് പറഞ്ഞ് അൻപതിനായിരം രൂപയാണ് ചോദിച്ചത്. ഇരുപതിനായിരം രൂപ നൽകി. ജോളി പണം കടം വാങ്ങിയത് അറസ്റ്റിന് രണ്ടാഴ്ച മുൻപാണെന്നും സക്കറിയാസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here