Advertisement

എടികെ റെഡിയാണ്

October 9, 2019
1 minute Read

ഇന്ത്യയിൽ ഫുട്ബോളിന് ഏറ്റവും വളക്കൂറുള്ള സ്ഥലങ്ങളിൽ പെട്ട ഒരു സ്ഥലമാണ് ബംഗാൾ. കാല്പന്തിനു പ്രിയമുള്ള മണ്ണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സാൾട്ട് ലേക്കിൻ്റെ നാട്. അതാണ് എടികെ എന്ന ക്ലബിൻ്റെ യുണിക്നസ്. രണ്ട് വട്ടം ചാമ്പ്യൻ പട്ടം ചൂടിയ ടീമാണ് എടികെ. 2016ൽ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡുമായുള്ള പങ്കാളിത്തം അവസാനിക്കുന്നതു വരെ എടികെയ്ക്ക് മികച്ച റെക്കോർഡുണ്ടായിരുന്നു. അതിനു ശേഷമുള്ള രണ്ട് സീസണുകൾ പക്ഷേ, തിരിച്ചടികളുടേതായി.

2017-18 സീസണിൽ ഐറിഷ് ഇതിഹാസം റോബി കീൻ ടീമിലുണ്ടായിട്ടും പോയിൻ്റ് പട്ടികയിൽ എടികെ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് പരിശീലകർ മാറിമാറി വന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരുടെ അവിശ്വസനീയ പതനം. അടുത്ത സീസണും മികച്ചതായില്ല. സ്റ്റീവ് കോപ്പലിനു കീഴിൽ എടികെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ അവർ തന്ത്രങ്ങൾ മാറ്റാൻ തുടങ്ങി. കോപ്പൽ തെറിച്ചു. വലിയ പേരുകാരെ ഉയർന്ന തുക നൽകി ടീമിലെത്തിച്ചു. തങ്ങളെ രണ്ട് വട്ടം ചാമ്പ്യന്മാരാക്കിയ അൻ്റോണിയോ ലോപസ് ഹെബാസിനെയും തന്ത്രങ്ങൾ മെനയാൻ എടികെ തിരികെ വിളിച്ചു.

എടികെ ഒരുങ്ങിത്തന്നെയാണ്. ഒരുപക്ഷേ, ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരൻ റോയ് കൃഷ്ണയെ ടീമിലെത്തിച്ച എടികെ മറ്റു ടീമുകൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഡീഗോ ഫോർലാനടക്കം പഴയ പടക്കുതിരകൾ പല ക്ലബുകളിലായി മുൻപും കളിച്ചിട്ടുണ്ടെങ്കിലും ഇത്ര മാർക്കറ്റ് വാല്യു ഉള്ള ഒരു കളിക്കാരൻ ഇതാദ്യമായാണ് ഐഎസ്എല്ലിൽ ബൂട്ടണിയുന്നത്. ഫിജി ദേശീയ ടീം ക്യാപ്റ്റനും ഓസ്ട്രേലിയൻ ലീഗിലെ വെല്ലിംഗ്ടൺ ഫീനിക്സിൻ്റെ മുന്നേറ്റ നിരയുടെ നായകനുമായ റോയ് കൃഷ്ണ എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നതെന്ന് കണ്ടറിയണം. റോയ് കൃഷ്ണക്കൊപ്പം വെല്ലിംഗ്ടൺ ടീമിലെ സഹ താരമായ ഡേവിഡ് വില്ല്യംസും ഇന്ത്യയുടെ മലയാളി താരം ജോബി ജസ്റ്റിനും ചേരുന്ന മുന്നേറ്റ നിര വളരെ കരുത്തുറ്റതാണ്.

എഡ്യു ഗാർഷ്യ, ജാവി ഹെർണാണ്ടസ് എന്നീ വിദേശ താരങ്ങളോടൊപ്പം കോമൾ തട്ടാൽ, ജയേഷ് റാണെ, പ്രണോയ് ഹോൾഡർ, മൈക്കൽ സൂസൈരാജ്, സെഹ്നാജ് സിംഗ് തുടങ്ങിയവരും ഉൾപ്പെടുന്ന മധ്യനിരയും ശക്തമാണ്. ജോൺ ജോൺസൺ, ആഗസ് ഗാർഷ്യ, പ്രിതം കോട്ടാൽ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രതിരോധ നിര ശരാശരിയാണെന്ന് പറയേണ്ടി വരും. അത് മാത്രമാവും എടികെയുടെ പ്രശ്നം.

എന്ത് തന്നെയായാലും ഒരു ടീം എന്ന നിലയിൽ എടികെയ്ക്ക് പത്തിൽ ധൈര്യമായി ഒൻപത് മാർക്കും കൊടുക്കാം. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനങ്ങൾ കഴുകിക്കളഞ്ഞ് കിരീടധാരനം തന്നെയാവും എടികെയുടെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top