ട്രെയിലർ വൈറലായി; ജയേഷ് മോഹന്റെ സിനിമാ മോഹത്തിനു ചിറകു മുളക്കുന്നു

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഒരു ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായത്. ചിത്രീകരിക്കുമോ എന്നുറപ്പു പോലുമില്ലാത്ത ഒരു സിനിമയുടെ ട്രെയിലറായിരുന്നു എന്നതാണ് ഈ ട്രെയിലറിൻ്റെ പ്രത്യേകത. ജയേഷ് മോഹൻ എന്ന കോതമംഗലം സ്വദേശിയാണ് ഈ സാഹസം കാണിച്ചത്.
വർഷങ്ങളോളം തിരക്കഥയുമായി അലഞ്ഞ് നടന്നു. ആരും പരിഗണിച്ചില്ല. രണ്ട് വർഷത്തോളം തിരക്കഥയുമായി ജയേഷ് പല വാതിലുകളിലും മുട്ടി. ചെയ്യാമെന്നു പറഞ്ഞവർ കാലുമാറി. പുതിയ സിനിമാക്കാരുടെ സ്ഥിരം കഥ. ഇതോടെയാണ് ജയേഷ് തനിക്കെന്ത് സാധിക്കുമെന്ന് ലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്. പെങ്ങളുടെ വള വിറ്റ് സിനിമയുടെ ട്രെയിലർ ചിത്രീകരിച്ചു. അതിൽ അഭിനയിച്ചതും ഒപ്പം നിന്നതുമൊക്കെ സുഹൃത്തുക്കൾ തന്നെ. ട്രെയിലറുമായി വീണ്ടും നിർമ്മാതാക്കളെ തിരയാൻ തുടങ്ങി. പഴയ കഥ തന്നെ. അവസാന ശ്രമം എന്നോണമാണ് ജയേഷ് ട്രെയിലർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.
അത് ഫലിച്ചു. പലരും വിളിക്കുന്നുണ്ടെന്നും ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞുവെന്നും ജയേഷ് വെളിപ്പെടുത്തുന്നു. പലരും സിനിമ നിർമ്മിക്കുന്ന കാര്യം സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. റിയലിസ്റ്റിക് ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഉടൻ ചിത്രീകരിക്കാനാവുമെന്നാണ് ജയേഷിൻ്റെ പ്രതീക്ഷ.
പിസി ജോർജിനെ വെച്ച് ‘എവിടെ തുടങ്ങും?’ എന്ന പേരിൽ ജയേഷ് ഒരു ഹ്രസ്വചിത്രം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിനായി ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിം കേരള ശുചിത്വ മിഷന്റെ പല പരിപാടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഒപ്പം, പ്രശസ്ത നിർമ്മാതാവ് നൗഷാദ് ആലത്തൂർ നിർമിക്കുന്ന ‘വൈറൽ 2019’ എന്ന ചിത്രത്തിൻ്റെ എട്ടു സംവിധായകരിൽ ഒരാൾ കൂടിയാണ് ജയേഷ്. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയുടെ മരണത്തിൻ്റെ കഥ പറയുന്ന സിനിമയാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here