വി എസിന്റെ നിര്യാണം; ആലപ്പുഴ ജില്ലയിൽ നാളെ അവധി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി നൽകിയിരിക്കുന്നത്.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതു ദർശനത്തിന് ശേഷം ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരകണക്കിന് ആളുകളാണ് വി എസിനെ അവസാനമായി ഒരു നോക്ക് കാണാനായി ദർബാർ ഹാളിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.
ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ ആയിരിക്കും. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും. പുലർച്ചെ ഒരു മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കുമെന്നാണ് കണക്കുകൂട്ടൽ. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
Story Highlights : VS’s death; Alappuzha district to declare holiday tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here