‘ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുന്ന വിജയ്’; ഇതാണ് യഥാർത്ഥ അഭിനയമെന്ന് സംവിധായകൻ; പ്രതിഷേധം

നടൻ വിജയ്‌ക്കെതിരെ ആരോപണവുമായി സംവിധായകൻ സാമി. ആരാധകർക്ക് കൈകൊടുത്ത ശേഷം വിജയ് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുമെന്നാണ് സാമിയുടെ ആരോപണം. വീഡിയോയിലൂടെയാണ് വിജയിയെ വിമർശിച്ച് സാമി രംഗത്തെത്തിയത്. പരാമർശം വിവാദമായതോടെ സാമിക്കെതിരെ പ്രതിഷേധവുമായി വിജയ് ഫാൻസ് രംഗത്തെത്തി.
വിജയ് ജീവിതത്തിൽ വലിയ നടനാണ്. ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കും. ആരാധകരാണ് തന്റെ നെഞ്ചിൽ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും. എന്നാൽ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് കൈയും കൊടുത്തതിന് ശേഷം വിജയ് അകത്ത് ചെന്ന് ഡെറ്റോൾ ഉപയോഗിച്ച് കൈകഴുകുകയാണ് ചെയ്യുന്നതെന്ന് സാമി പറയുന്നു. ഇത് താൻ കണ്ടിട്ടുണ്ടെന്നും ഇതാണ് വിജയിയുടെ യഥാർത്ഥ അഭിനയമെന്നും സാമി പറയുന്നു.
ബിഗിൽസ ഓഡിയോ ലോഞ്ചിനിടെ വിജയ് സംസാരിച്ച കാര്യങ്ങൾക്കെതിരേയും സാമി തുറന്നടിച്ചു. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ സാമിക്കെതിരെ രൂക്ഷ വിമർശനവുമായി വിജയ് ഫാൻസ് രംഗത്തെത്തി. താരത്തെ താറടിക്കാനുള്ള മനഃപൂർവമായ ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനാണ് സാമിയുടെ ശ്രമമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ആപത്ത് വരുമ്പോൾ ഓടിയെത്തുന്ന താരം തന്നെയാണ് വിജയിയെന്നും ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഉയിർ, സിന്ധു സമവേലി, മിറുഗം, കങ്കാരൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാമി.
https://www.youtube.com/watch?time_continue=83&v=grKWpNcxeO8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here