മുൻ സബ്കളക്ടർ രേണുരാജ് ദേവികുളത്ത് വ്യാജ പട്ടയങ്ങൾ റദ്ദാക്കിയതിരെ മുൻ തഹസിൽദാർ

ദേവികുളം സബ്കളക്ടറായിരുന്ന രേണുരാജ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് വ്യാജ പട്ടയങ്ങൾ റദ്ദാക്കിയതിരെ മുൻ അഡീഷണൽ തഹസിൽദാർ എംഐ രവീന്ദ്രൻ. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് നടപടിയെങ്കിലും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് രവീന്ദ്രന്റെ ആരോപണം. 1999ൽ ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന രവീന്ദ്രനാണ് ഈ പട്ടയങ്ങൾ അനുവദിച്ചത്.
മൂന്നാറിൽ സർക്കാർ ഭൂമി കൈയേറി പട്ടയങ്ങൾ വ്യാജമായി നിർമിച്ചെന്ന് കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 19 വർഷത്തിന് ശേഷം നാലു പട്ടയങ്ങൾ റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിർദേശാനുസരണം, സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു രേണുരാജിന്റെ നടപടി. എന്നാൽ പട്ടയ ഫയലുകളും, അനുബന്ധ രജിസ്റ്ററുകളും പരിശോധിക്കാൻ സബ് കളക്ടറായിരുന്ന രേണുരാജ് തയ്യാറായില്ലെന്നാണ് എംഐ രവീന്ദ്രന്റെ ആരോപണം.
പട്ടയത്തിന്റെ നിജസ്ഥിതി അറിയാൻ പട്ടയം ഒപ്പിട്ട ഉദ്യോഗസ്ഥന്റെ ഭാഗം കേട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2007-ലെ മുൻ സബ് കളക്ടറുടെ പട്ടയ പരിശോധനാ റിപ്പോർട്ടും, വിജിലൻസിന്റെ റിപ്പോർട്ടും രേണു രാജ് അവഗണിച്ചു. പട്ടയ ഉടമകൾ പട്ടയത്തിനായി അപേക്ഷിച്ചിട്ടില്ലെന്നും, പട്ടയം കൈപ്പറ്റുകയോ, പട്ടയ വസ്തുവിൽ താമസിക്കുകയോ ചെയ്തിട്ടില്ലെന്ന മൊഴി വ്യാജമാണ്. 2007-ലെ പട്ടയ പരിശോധനയിൽ സബ് കളക്ടറോടും, വിജിലൻസിനോടും ഇവർ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്ഥലമുടമകൾ പട്ടയത്തിനായി അപേക്ഷിച്ചില്ലെന്നും പട്ടയം കൈപ്പറ്റുകയോ, വസ്തുവിൽ താമസിക്കുകയോ ചെയ്തിട്ടില്ലായെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പട്ടയങ്ങൾ സബ് കളക്ടർ റദ്ദ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here