ഐയുസി ചാർജ് ട്രായിയെക്കൊണ്ട് പിൻവലിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്; ഇത്രനാളും ഉപഭോക്താക്കൾക്കു വേണ്ടി തങ്ങൾ തന്നെയാണ് പണം നൽകിയത്: ഐയുസി വിഷയത്തിൽ ജിയോയുടെ വിശദീകരണം

ജിയോ ഫ്രീ കോളുകൾ നിർത്തലാക്കുന്നുവെന്ന വാർത്ത വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്. ബോയ്കോട്ട് ജിയോ എന്ന ഹാഷ് ടാഗ് ട്വിറ്റർ ട്രെൻഡിംഗിൽ വന്നതും കൂട്ടമായി പോർട്ട് ചെയ്യ്യുന്നത് വരെയെത്തി കാര്യങ്ങൾ. ഇതിനിടെ ജിയോ കോളുകൾക്ക് ചാർജ് ഈടാക്കുന്നു എന്ന പ്രഖ്യാപനം മറ്റു കമ്പനികൾ നനഞ്ഞിടം കുഴിക്കാനുള്ള അവസരമാക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ വിശദീകരണവുമായി ജിയോ രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ മുതൽ നിലവിലുണ്ടായിരുന്ന ഒന്നാണ് ഐയുസി അഥവാ ഇൻ്റർകണക്ട് യൂസേജ് ചാർജ്. അതായത് ഒരു മൊബൈൽ പ്രൊവൈഡറിൽ നിന്ന് മറ്റൊരു മൊബൈൽ പ്രൊവൈഡറിലേക്ക് വിളിക്കുമ്പോൾ ഏത് പ്രൊവൈഡറിൽ നിന്നാണോ വിളിക്കുന്നത്, അവർ മറ്റേ പ്രൊവൈഡർക്ക് നൽകേണ്ട ചാർജാണ് ഐയുസി. ഉദാ. ജിയോയിൽ നിന്ന് ഐഡിയയിലേക്ക് വിളിക്കുമ്പോൾ ജിയോ, ഐഡിയക്ക് നൽകേണ്ട ചാർജാണിത്. ഈ ചാർജ് നേരത്തെ മുതൽ ഉണ്ടായിരുന്നതാണ്.
ജിയോ തുടങ്ങിയതു മുതൽ ഈ ചാർജ് നീക്കണമെന്ന ആവശ്യമാണ് ട്രായ്ക്കു മുന്നിൽ ഉയർത്തിയിരുന്നത്. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നതുമാണ്. 14 പൈസ ആയിരുന്ന ഐയുസി ചാർജ് 2017 ഒക്ടോബർ ഒന്നു മുതൽ 2019 ഡിസംബർ 31 വരെ ആറു പൈസയാക്കി ചുരുക്കുമെന്നും 2020 ജനുവരി ഒന്നു മുതൽ ഐയുസി ചാർജുകൾ പൂർണ്ണമായി ഒഴിവാക്കാമെന്നാണ് ട്രായ് അറിയിച്ചിരുന്നത്. ഇത്രയും കാലം ജിയോ തന്നെയാണ് മറ്റു പ്രൊവൈഡർമാർക്ക് ഐയുസി നൽകിക്കൊണ്ടിരുന്നത്. കഴിഞ്ഞ മൂന്നു കൊല്ലം കൊണ്ട് 13,500 കോടി രൂപ മറ്റ് പ്രൊവൈഡർമാർക്ക് നൽകിയെന്നാണ് ജിയോ തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ഫ്രീ കോളുകൾ അവതരിപ്പിച്ച് ജിയോ ഇൻഡസ്ട്രിയിൽ അതികായരായതോടെ അത് മറ്റ് കമ്പനികൾക്ക് ക്ഷീണമായി. ഒരു ദിവസം മറ്റു പ്രൊവൈഡർമാരിൽ നിന്നും ശരാശരി 25 മുതൽ 30 കോടി മിസ്ഡ് കോളുകളാണ് ജിയോക്ക് ലഭിച്ചു കൊണ്ടിരുന്നത്. ഇതും മറ്റു കമ്പനികൾക്ക് ക്ഷീണമായി. ഇതോടെ ഇവർ ട്രായ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി. പഴയ നിയമം വീണ്ടും പൊടിതട്ടിയെടുക്കാൻ ട്രായ് നിർബന്ധിതരായി. ഇപ്പോൾ അടുത്ത വർഷാരംഭം മുതൽ ഐയുസി ചാർജുകൾ ഇല്ലാതാക്കുമെന്ന നയം പുനപരിശോധിക്കുമെന്ന നിലപാടാണ് ട്രായ് എടുത്തിരിക്കുന്നത്. ഇതാണ് കോളുകൾക്ക് ചാർജ് ഈടാക്കാനുള്ള കാരണമായി ജിയോ പറയുന്നത്.
ഐയുസി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ജിയോ എന്നും ഐയുസി പിൻവലിച്ചാൽ പിന്നെ തുക ഈടാക്കില്ലെന്നും ജിയോ പറയുന്നു.
(വിഷയസംബന്ധിയായി ജിയോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്ന്)
ജിയോയുടെ പത്രക്കുറിപ്പ്:
Media Release – JIO – 09102019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here