പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ചെന്നൈക്കടുത്ത് മഹാബലിപുരത്ത് ഇന്ന് തുടങ്ങും.കശ്മീർവിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വിവാദവിഷയങ്ങൾ മാറ്റിവെച്ച് വ്യാപാരം അടക്കമുള്ള മറ്റുകാര്യങ്ങളായിരിക്കും പ്രധാനമായും ഇരു നേതാക്കളും ചർച്ച ചെയ്യുക. അതേസമയം. ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യൻ നിലപാട് ചൈനയ്ക്ക് നന്നായി അറിയാവുന്നതാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടെന്നും ഉള്ള ഇന്ത്യയുടെ നിലപാട് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായ് വിദേശകാര്യ വ്യക്തമാക്കി
ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാർ ആർ.സി.ഇ.പി. യെക്കുറിച്ചുള്ള നിർണായക ചർച്ച തായ്ലാൻഡിലെ ബാങ്കോക്കിൽ തുടങ്ങിയിരിക്കേയാണ് മോദി-ഷി കൂടിക്കാഴ്ച. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ചർച്ചകളിൽ കരാർ പ്രധാന അജൻഡയാകും. ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആർ.സി.ഇ.പി. കരാർ ആഭ്യന്തര ഉത്പാദനത്തെയും വ്യവസായത്തെയും തകർക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കരാറിൽ കൂടുതൽ വ്യവസ്ഥകൾ ഇന്ത്യ മുന്നോട്ട് വയ്ക്കും. ചൈനയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കമ്പോളം വേണമെന്നത് ഉൾപ്പടെയാകും ഇന്ത്യയുടെ ആവശ്യം. 226 കോടി ഡോളറാണ് ഇപ്പോഴത്തെ ഇന്ത്യയിലെ ചൈനയുടെ നിക്ഷേപം. ഇന്ത്യയിലേക്ക് കൂടുതൽ ചൈനീസ് നിക്ഷേപം പ്രധാനമന്ത്രി ക്ഷണിക്കും.ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും. അതേസമയം കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഗൌരവകരമായ ചർച്ചയ്ക്ക് ഇരു നേതാക്കളും മുതിരില്ല.
Read Also : ‘ഹൗഡി മോദി’ പുതു ചരിത്രം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം യാങ് ജെയ്ചി, വിദേശകാര്യമന്ത്രി വാങ് യി എന്നിവർ ചൈനിസ് പ്രസിഡന്റിനോടൊപ്പം ഉണ്ടാകും. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്നിവരാണ് മോദിക്കൊപ്പം ഇന്ത്യയെ പ്രതിനിധികരിയ്ക്കുക. 2018 ഏപ്രിലിൽ ചൈനയിലെ വുഹാനിലായിരുന്നു മോദി-ഷി ആദ്യ അനൗപചാരിക ഉച്ചകോടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here