Advertisement

109 റൺസ് നീണ്ട ഒൻപതാം വിക്കറ്റ് കൂട്ടുകെട്ട് അശ്വിൻ പൊളിച്ചു; ദക്ഷിണാഫ്രിക്ക 275 റൺസിനു പുറത്ത്

October 12, 2019
1 minute Read

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 275 റൺസിനു പുറത്ത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 601ന് 326 റൺസ് കൂടി അകലെയാണ് ദക്ഷിണാഫ്രിക്ക. നാലു വിക്കറ്റെടുത്ത അശ്വിനാണ് ദക്ഷിണാഫ്രിക്കക്ക് കൂടുതൽ നാശം വിതച്ചത്. ഉമേഷ് യാദവ് 3 വിക്കറ്റെടുത്തു. 72 റൺസെടുത്ത പത്താം നമ്പർ ബാറ്റ്സ്മാൻ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ.

മൂന്നു വിക്കറ്റിന് 36 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഏറെ വൈകാതെ തന്നെ നൈറ്റ് വാച്ച്മാൻ ആൻറിച് നോർദേയെ നഷ്ടമായി. നോർദെയെ കോലിയുടെ കൈകളിലെത്തിച്ച ഷമി മൂന്നാം ദിവസത്തിലെ ആദ്യ വിക്കറ്റ് കുറിച്ചു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന് മനോഹരമായി ബാറ്റ് ചെയ്ത തിയൂനിസ് ഡിബ്രുയിനായിരുന്നു അടുത്ത ഇര. ഡിബ്രുയിനെ ഉമേഷിൻ്റെ പന്തിൽ സാഹ കൈപ്പിടിയിലൊതുക്കി.

ആറാം വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും ക്വിൻ്റൺ ഡികോക്കും ഒരുമിച്ചു. 53/5 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 75 റൺസാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ക്വിൻ്റൺ ഡികോക്കിനെ (31) ക്ലീൻ ബൗൾഡാക്കിയ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സേനുരൻ മുത്തുസാമിയെ (7) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ മത്സരത്തിൽ തൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഏറെ വൈകാതെ മനോഹരമായി ബാറ്റ് ചെയ്ത ക്യാപ്റ്റൻ ഫാഫ് കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക കടുത്ത പ്രതിസന്ധിയിലായി. 64 റൺസെടുത്ത ഡുപ്ലെസിയെ അശ്വിൻ്റെ പന്തിൽ രഹാനെ പിടികൂടുകയായിരുന്നു.

തുടർന്ന് ഒൻപതാം വിക്കറ്റിൽ കേശവ് മഹാരാജ്-വെർണോൺ ഫിലാണ്ടർ സഖ്യം ഇന്ത്യൻ ബൗളിംഗിനെ സധൈര്യം നേരിടാൻ തുടങ്ങിയതോടെ മത്സരത്തിലാദ്യമായി ദക്ഷിണാഫ്രിക്ക കളി നിയന്ത്രിക്കാൻ തുടങ്ങി. ഇരുവരും ചേർന്ന് 109 റൺസാണ് സ്കോർ ബോർഡിലേക്ക് ചേർത്തത്. ഇതിനിടെ മഹാരാജ് തൻ്റെ ആദ്യ ടെസ്റ്റ് അർധസെഞ്ചുറിയും കുറിച്ചു. 72 റൺസെടുത്താണ് കേശവ് മഹാരാജ് പുറത്തായത്. അശ്വിൻ്റെ പന്തിൽ രോഹിത് പിടിച്ചാണ് മഹാരാജ് പുറത്തായത്. ഇന്ത്യക്കെതിരെ ഇന്ത്യൻ മണ്ണിൽ പത്താം നമ്പർ ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചാണ് അദ്ദേഹം മടങ്ങിയത്.

അവസാന വിക്കറ്റായ റബാഡക്ക് ഏറെ ആയുസുണ്ടായില്ല. 2 റൺസെടുത്ത ദക്ഷിണാഫ്രിക്കയുടെ പതിനൊന്നാമനെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കി. ഫിലാണ്ടർ 44 റൺസെടുത്ത് പുറത്താവാതെ നിന്നു.

അവസാന വിക്കറ്റ് വീണതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു. അതുകൊണ്ട് തന്നെ കോലി ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുമോ എന്ന് നാളെ മാത്രമേ അറിയാൻ കഴിയൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top