കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ലോകനാഥ് ബെഹ്റ

കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിൽ ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പൊന്നാമറ്റത്തെ വീട് സന്ദർശിച്ച ശേഷം വടകര എസ്പി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
17വർഷം നീണ്ട കൊലപാതക പരമ്പരയിൽ തെളിവുകൾ കണ്ടെത്തുക എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മാത്രമല്ല, കാലപ്പഴക്കം ഉള്ളത് കൊണ്ട് തന്നെ കേസിൽ സാക്ഷികളെ കണ്ടെത്തുക എന്നതും പ്രയാസമേറിയ ഒന്നാണ്. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുക മാത്രമാണ് ഏക ഉപാധി. അന്വേഷണ സംഘത്തിൽ മിടുക്കരായ ഉദ്യോഗസ്ഥർക്കൊപ്പം സാങ്കേതിക വിദഗ്ധരുമുണ്ടാകും. അന്വേഷണവുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തേണ്ടിവരികയാണെങ്കിൽ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.
മാത്രമല്ല, ജോളിയിൽ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി വിവരങ്ങൾ ചോദിച്ചറിഞ്ഞ് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ബെഹ്‌റ വ്യക്മാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here