മെഡലുറപ്പിച്ച് മേരി കോം; ഇന്ന് സെമി, ലോകറെക്കോർഡ്

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ന് മേരി കോമിനു സെമിഫൈനൽ. രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവാണ് മേരി കോമിന്റെ എതിരാളി. മെഡൽ ഉറപ്പിച്ചതോടെ പുരുഷ-വനിതാ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകൾ നേടിയ താരമെന്ന നേട്ടവും മേരി കോം സ്വന്തമാക്കി.
51 കിലോഗ്രാം വിഭാഗത്തിലാണ് മേരി സെമിയിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയെ തോൽപ്പിച്ചാണ് മേരി സെമി ബർത്ത് നേടിയത്. സെമിയിലെ മേരിയുടെ എതിരാളി ബുസാനെസ് ആവട്ടെ ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് സെമിയിലെത്തിയത്.
മേരിക്ക് ഇത് എട്ടാം മെഡലാണ്. ഏഴു മെഡലുകളുള്ള ക്യൂബൻ പുരുഷ ഇതിഹാസം ഫെലിക്സ് സാവോണിനെയാണ് മേരി പിന്തള്ളിയത്. 1986–99 കാലത്ത് 6 സ്വർണവും ഒരു വെള്ളിയും സഹിതമാണ് സാവോൺ ഏഴു മെഡലുകൾ നേടിയത്. ഈ മത്സരത്തിൽ സ്വർണ്ണം നേടാനായാൽ ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം സ്വർണ്ണം നേടിയ താരമെന്ന നേട്ടവും മേരിക്ക് സ്വന്തമാകും. ഇപ്പോൾ സാവോണിനൊപ്പം മേരി ആറു സ്വർണ്ണ മെഡലുകൾ പങ്കിടുകയാണ്.
51 കിലോഗ്രാം വിഭാഗത്തിൽ മേരിയുടെ ആദ്യ മെഡലാണിത്. ഇതുവരെ 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി മത്സരിച്ചു കൊണ്ടിരുന്നത്.
2007ൽ ഇരട്ടക്കുട്ടികളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിലേക്ക് തിരികെയെത്തിയ മേരി മൂന്നു തവണ ലോക ചാമ്പ്യനായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here