വിജയ് ഹസാരെ: സഞ്ജുവിന് സെഞ്ചുറി; സച്ചിൻ ബേബിയുമായി കൂറ്റൻ കൂട്ടുകെട്ട്; കേരളം മികച്ച സ്കോറിലേക്ക്

ഗോവക്കെതിരായ വിജയ് ഹസാരെ മത്സരത്തിൽ കേരളം മികച്ച സ്കോറിലേക്ക്. ഉജ്ജ്വല സെഞ്ചുറി നേടിയ സഞ്ജു സാംസണിൻ്റെ മികവിലാണ് കേരളം മികച്ച സ്കോറിലേക്ക് നീങ്ങുന്നത്. വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ സീസണിൽ ടീമിലെത്തി ഇതുവരെ ഫോമിലെത്താൻ കഴിയാതിരുന്ന ഉത്തപ്പ രണ്ട് ബൗണ്ടറികൾ നേടി നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറിൽ പുറത്തായി. 10 റൺസെടുത്ത ഉത്തപ്പ ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് പവലിയനിലേക്ക് മടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ വിഷ്ണു വിനോദിനും അധികം ആയുസ്സുണ്ടായില്ല. 7 റൺസെടുത്ത വിഷ്ണുവിനെ ദർഷൻ മിസാൽ വിക്കറ്റിനു മുന്നിൽ കുരുക്കി.
ആക്രമണ മൂഡിലാണ് സഞ്ജു ക്രീസിലെത്തിയത്. തുടർച്ചയായ രണ്ട് ബൗണ്ടറികളോടെ ഇന്നിംഗ്സ് ആരംഭിച്ച സഞ്ജു ടി-20 ശൈലിയിൽ ബാറ്റ് വീശി. സഞ്ജുവിന് കൂട്ടായി മുൻ നായകൻ സച്ചിൻ ബേബി ക്രീസിൽ ഉറച്ചതോടെ കേരളത്തിൻ്റെ സ്കോർ കുതിച്ചുയർന്നു. സഞ്ജു ആഞ്ഞടിച്ചപ്പോൾ സച്ചിൻ ക്രീസിൽ പിടിച്ചു നിന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. വെറും 30 പന്തുകളിലാണ് സഞ്ജു അർധസെഞ്ചുറി കുറിച്ചത്. അരസെഞ്ചുറി പിന്നിട്ടിട്ടും തൻ്റെ ശൈലി മാറ്റാൻ തയ്യാറാവാതിരുന്ന സഞ്ജു 66 പന്തുകളിൽ ശതകം തികച്ചു. സീസണിലെ സഞ്ജുവിൻ്റെ ആദ്യ സെഞ്ചുറിയാണിത്. ദേശീയ ടീമിൽ ഋഷഭ് പന്തിൻ്റെ ഭാവി സംശയിക്കപ്പെടുന്ന ഈ വേളയിൽ ഈ ശതകം സഞ്ജുവിന് വലിയ ഊർജ്ജമാവും എന്നതിൽ സംശയമില്ല.
ഇതിനിടെ 68 പന്തുകളിൽ സച്ചിൻ ബേബിയും അർധശതകം തികച്ചു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിലാണ്. സഞ്ജു 119 റൺസെടുത്തും സച്ചിൻ ബേബി 63 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 180 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here