Advertisement

കപ്പിനും ചുണ്ടിനുമിടയിലെ നഷ്ടങ്ങൾ പറഞ്ഞ് എഫ്സി ഗോവ

October 13, 2019
1 minute Read

എഫ്സി ഗോവ ഭാഗ്യമില്ലാത്ത ഒരു ടീമാണ്. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമായിരുന്നിട്ടും ഒരു തവണ പോലും അവർക്ക് ചാമ്പ്യന്മാരാവാൻ സാധിച്ചിട്ടില്ല. രണ്ട് തവണ റണ്ണേഴ്സ് അപ്പായ അവർ രണ്ട് വട്ടം സെമിഫൈനലും കളിച്ചു. ഒരേയൊരു സീസണിൽ മാത്രമാണ് അവർക്ക് അവസാന നാലിലെത്താൻ സാധിക്കാതിരുന്നത്. ഇത്തവണ ചരിത്രം മാറുമോ എന്ന് കണ്ടറിയണം.

സീക്കോ എന്ന ബ്രസീലിയൻ ഇതിഹാസമാണ് എഫ്സി ഗോവയെ ആദ്യ മൂന്ന് സീസണുകളിൽ പരിശീലിപ്പിച്ചത്. 2014ലെ ആദ്യ സീസണിൽ സെമിയിലും രണ്ടാം സീസണിൽ ഫൈനലിലും അവർ പരാജയപ്പെട്ടു. മൂന്നാം സീസണിനു മുൻപുണ്ടായ ഉടമ മാറ്റം ടീമിൻ്റെ പ്രകടനത്തെയും ബാധിച്ചു. ടേബിളിൽ അവസാനം ഫിനിഷ് ചെയ്തു. അതോടെ സീക്കോ പടിയിറങ്ങി. പകരം സെർജിയോ ലൊബേര എന്ന സ്പാനിഷ് കോച്ച് ടീമിലെത്തി. ലൊബേരയും ടീമിനെ ഓരോ തവണ സെമിയിലും ഫൈനലിലും എത്തിച്ചു. അവസാന സീസണിലെ സൂപ്പർ കപ്പാണ് എഫ്സി ഗോവക്ക് ലഭിച്ചിട്ടുള്ള ആദ്യ കിരീടം.

ലൊബേരയുടെ മൂന്നാം സീസൺ ആണിത്. സന്തുലിതമായ ടീം എന്നതാണ് എഫ്സി ഗോവയുടെ കരുത്ത്. സ്പാനിഷ് കളിക്കാരുടെ അതിപ്രസരമുള്ള ടീം പൊസിഷൻ ഫുട്ബോളിൻ്റെ മനോഹരമായ പാഠങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. എഡു ബീഡിയ, ഫെറാൻ കൊറോമിനാസ്, കാർലോസ് പെന എന്നിവരാണ് ഇത്തവണ സ്പെയിനിൽ നിന്നും ഗോവയിൽ ബൂട്ടണിയുക. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളെയും നിലനിർത്തി എന്നതു തന്നെ ടീമിൻ്റെ സന്തുലിതാവസ്ഥയ്ക്കുള്ള ഉദാഹരണമാണ്.

കോറോ എന്ന പേരിന് ഒരു വിശദീകരണം ആവശ്യമില്ല. ഐഎസ്എല്ലിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ എന്ന് നിസ്സംശയം വിളിക്കാവുന്ന പ്ലയർ. കോറോയ്ക്കൊപ്പം മൻവീർ സിംഗ്, മുൻ ബ്ലാസ്റ്റേഴ്സ് താരം സെമിൻലെൻ ഡുംഗൽ എന്നീ ഇന്ത്യൻ താരങ്ങൾ കൂടി അടങ്ങുന്ന മുന്നേറ്റ നിര ശക്തവും സന്തുലിതവുമാണ്.

എഡു ബീഡിയ, ഫ്രഞ്ച്/മൊറോക്കൻ താരം ഹ്യൂഗോ ബോമോസ്, മൊറോക്കൻ താരം അഹ്മദ് ജഹോ എന്നിവർക്കൊപ്പം മുൻ ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിംഗ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലെന്നി റോഡ്രിഗസ് എന്നിവരാണ് ഗോവൻ മധ്യനിരയിലുള്ളത്. എഡു ബീഡിയയുടെ ഗെയിം റീഡിംഗും കളി മെനയലും കഴിഞ്ഞ സീസണുകൾ തെളിയിച്ചതാണ്. ഇന്ത്യൻ ദേശീയ ടീമിലെ പുതിയ സെൻസേഷൻ ബ്രണ്ടൻ ഫെർണാണ്ടസ്, എക്സ്പീരിയൻസ്ഡായ ജാക്കിചന്ദ് തുടങ്ങിയവരൊക്കെ എതിരാളികൾക്ക് തലവേദനയാകുമെന്നുറപ്പ്.

പ്രതിരോധ നിരയിൽ കാർലോസ് പെനയ്ക്കൊപ്പം സെനഗൽ താരം മൊർതാദ ഫാൾ, ഇന്ത്യൻ താരങ്ങളായ സെരിറ്റൻ ഫെർണാണ്ടസ്, മുഹമ്മദ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിനിരക്കും. ശ്രദ്ധേയമായ പേരുകൾ ഇല്ലെങ്കിലും ഇവിടെയും ഗോവ സന്തുലിതമാണ്.

ക്രോസ് ബാറിനു കീഴിൽ മുഹമ്മദ് നവാസ് തന്നെയാവും ഒന്നാം നമ്പർ ഗോളി. നവാസിൻ്റെ റിഫ്ലക്ഷനും ഹാൻഡ്‌ലിംഗും വളരെ മികച്ചതാണെന്ന് കഴിഞ്ഞ സീസൺ തെളിയിച്ചു. നാലു ക്ലീൻ ഷീറ്റുകളാണ് 2018-19 സീസണിൽ നവാസ് നേടിയത്.

കുറിയ പാസുകളിലൂടെ മനോഹര ഫുട്ബോൾ കളിക്കുന്ന ടീമാണ് ഗോവ. നേരത്തെ പറഞ്ഞതു പോലെ നിർഭാഗ്യം കൊണ്ടു മാത്രം കപ്പിൽ മുത്തമിടാൻ കഴിയാതെ പോയവർ. ഈ സീസണിൽ അതിനു മാറ്റമുണ്ടാവും എന്ന് പ്രതീക്ഷിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top