മദർ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നു; ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വത്തിക്കാൻ ഒരുങ്ങി
മദർ മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്ന പുണ്യ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങി വത്തിക്കാൻ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. കേരളത്തിൽ നിന്നുള്ള മെത്രാന്മാരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം ആയിരത്തിലധികം മലയാളികൾ ചടങ്ങിന് സാക്ഷികളാകും.
സീറോ മലബാർ സഭയുടെ സഹനദാസി മദർ മറിയം ത്രേസ്യായെ വിശുദ്ധയായി മാർപാപ്പ വാഴിക്കുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ് ലോക മലയാളികൾ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പേപ്പൽ പതാകയ്ക്കും ത്രിവർണ പതാകയ്ക്കുമൊപ്പം മദർ മറിയം ത്രേസ്യയുടെ ഛായാചിത്രവും ഇടംപിടിച്ചു കഴിഞ്ഞു. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്ക് ആരംഭിക്കുന്ന ചടങ്ങിൽ, ലോകരാജ്യങ്ങളിൽ നിന്ന് വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്ന പതിനായിരങ്ങളെ സാക്ഷിനിറുത്തി മറിയം ത്രേസ്യയെ ഫ്രാൻസീസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.
കുടുംബങ്ങളുടെ മധ്യസ്ഥയും തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ മദർ മറിയം ത്രേസ്യക്കൊപ്പം ബ്രിട്ടനിൽ നിന്നുള്ള കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, ഇറ്റാലിയൻ സന്യാസിനി ജുസെപ്പീന വന്നീനി, ബ്രസീൽ നിന്നുള്ള സിസ്റ്റർ ദുൾചെ ലോപസ് പോന്തെസ്, സ്വിറ്റ്‌സർലൻഡ് സ്വദേശിനിയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗവുമായ മാർഗരീത്ത ബെയ് എന്നിവരും വിശുദ്ധരായി ഉയർത്തപ്പെടും.
പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ സഹനദാസി മറിയം ത്രേസ്യയുടെ മാതൃരൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ തിരുകർമങ്ങളിൽ സഹകാർമികനാകും. സീറോ മലബാർ സഭയിലെ നിരവധി ബിഷപ്പുമാരും ചടങ്ങിൽ സംബന്ധിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ കൂടാതെ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങൾ, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങൾ, വൈദികർ, അത്മായർ തുടങ്ങി നാനൂറോളം വിശ്വാസികൾ കേരളത്തിൽ നിന്ന് റോമിൽ എത്തിയിട്ടുണ്ട്. ഭാരത സഭ അനുഗ്രഹീതമാകുന്ന വിശുദ്ധ നാമകരണ ചടങ്ങുകൾക്ക് മുന്നോടിയായി ഇന്നലെ വൈകുന്നേരം റോമിലെ മേരി മെജോറ ബസിലിക്കയിൽ ജാഗരണ പ്രാർഥന നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here