കൊല്ലത്ത് അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മകന്‍ അറസ്റ്റില്‍; തെളിവെടുപ്പ് നടത്തി

കൊല്ലത്ത് അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെമ്മാമുക്ക് നീതിനഗറില്‍ സാവിത്രിയമ്മ (72) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നാം തിയതി മുതലാണ് സാവിത്രിയമ്മയെ കാണാതായത്. അഞ്ചിന് ഇവരുടെ മകള്‍ ലാലി അമ്മയെ കാണാനില്ലെന്ന് കാണിച്ച് ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. മകന്‍ സുനിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതാകാമെന്ന് ഇയാള്‍ പൊലീസിനോട് കളവ് പറഞ്ഞു.
ചോദ്യം ചെയ്തശേഷം വിട്ടയച്ചതോടെ സുനില്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇതോടെയാണ് സുനിലിനെ പൊലീസ് സംശയിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞദിവസം ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. രണ്ടര ലക്ഷം രൂപയ്ക്കുവേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി സാവിത്രിയമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
സംഭവ ദിവസം രാത്രിയിലും ഇതിനെചൊല്ലി വഴക്കുണ്ടായി. വഴക്കിനിടെ സുനില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ കുട്ടനെയും കൂട്ടി മൃതദേഹം വീടിന്റെ വടക്കുവശത്തായി കുഴിച്ചുമൂടുകയും ചെയ്തു. പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here