കൂടത്തായി കൂട്ടക്കൊല കേസ്: ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെയും അച്ഛൻ സഖറിയാസിന്റെയും മൊഴിയെടുക്കുന്നു

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെയും അച്ഛൻ സഖറിയാസിന്റെയും മൊഴിയെടുക്കുന്നു. വടകര റൂറൽ എസ്പി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. ജോളിയെയും എസ്പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഫൊറൻസിക്കിന്റെ വിദഗ്ധസംഘവും എത്തിയിട്ടുണ്ട്.അതിനിടെ പൊലിസ് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെളിവെടുത്തു.

ആൽഫൈന്റെ മരണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് താമസിക്കുന്ന ഷാജുവിന്റെ സഹോദരി ഷീനയെ വിളിച്ചുവരുത്തി മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ആൽഫൈന്റെ മരണം അന്വേഷിക്കുന്ന തിരുവമ്പാടി സിഐയാണ് മൊഴിയെടുത്തത്.

വ്യാജ ഒസ്യത്ത് തയാറാക്കിയ കേസിൽ വകുപ്പ് തല അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി റവന്യൂ വകുപ്പ് ഉദ്യോസ്ഥർ എടുക്കുകയാണ്.

ഇതിനിടെ കൂട്ടക്കൊലപാതക കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. റോയ് തോമസിന്റെ സഹോദരനായ റോജോ അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് നാട്ടിലെത്തിയത്. റോജോയുടെ മൊഴി നാളെ രേഖപ്പെടുത്തും. റോയിയുടെ മരണത്തിൽ സംശയം തോന്നി പൊലിസിൽ പരാതി നൽകിയത് റോജോയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്ക് അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടിൽ എത്തിച്ചു. കേസിൽ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകർപ്പിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കൂടത്തായി കേസ് പുനരന്വേഷിക്കുന്നത്.

അതിനിടെ ജോളിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ജോളിയുടെ കട്ടപ്പനയിലെ വീട്ടിലെത്തി. അന്വേഷണസംഘം ജോളിയുടെ കട്ടപ്പനയിലെ തറവാട്ടു വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴിയെടുത്തു. മൊഴി ഇന്നൊ നാളെയോ രേഖപെടുത്തും

ജോളിയുടെ സഹോദരീ ഭർത്താവ് ജോണിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപെടുത്തിയതിനു പിന്നാലെയാണ് കട്ടപ്പനയിലെ തറവാട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. ജോളിയുടെ അച്ഛൻ ജോസഫ്, സഹോദരൻ നോബി എന്നിവരുടെ മൊഴിയാണ് രേഖപെടുത്തിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top