നെയ്മറിനു വീണ്ടും പരുക്ക്; തുടർച്ചയായ നാലാം മത്സരത്തിലും ബ്രസീലിന് ജയമില്ല

തുടർച്ചയായ നാലാം മത്സരത്തിലും ജയമില്ലാതെ ബ്രസീൽ. നൈജീരിയക്കെതിരെ നടന്ന മത്സരം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതോടെയാണ് ജയമില്ലാത്ത ബ്രസീലിൻ്റെ യാത്ര നാലു മത്സരങ്ങൾ പൂർത്തിയാക്കിയത്. ഓരോ ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും കളി സമനിലയാക്കിയത്.
നൈജീരിയയാണ് ആദ്യം സ്കോർ ചെയ്തത്. 35ആം മിനിട്ടിൽ അറീബോയാണ് നൈജീരിയക്കായി ബ്രസീലിയൻ വല ചലിപ്പിച്ചത്. ആദ്യ പകുതി കഴിയുമ്പോൾ നൈജീരിയക്ക് ഒരു ഗോളിൻ്റെ ലീഡുണ്ടായിരുന്നു. സമനില ഗോളടിക്കാൻ ബ്രസീലിന് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. കസെമിറോയാണ് ബ്രസീലിൻ്റെ സമനില ഗോള്‍ നേടിയത്. പോസ്റ്റില്‍ തട്ടി തിരിച്ചു വന്ന മാര്‍ക്വീനോസിന്റെ ഹെഡ്ഡർ റീബൗണ്ടിലൂടെയാണ് കസെമിറോ ഗോൾ നേടിയത്.
കോപ്പ അമേരിക്കക്കു ശേഷം ബ്രസീലിന് അത്ര നല്ല കാലമല്ല. തോൽവികൾ കുറവാണെങ്കിലും ജയമില്ലാത്തത് ആശങ്കയുണത്തുന്നുണ്ട്. കൊളംബിയയോട് 2-2 സമനിലയോടെയാണ് ബ്രസീൽ കോപ്പയ്ക്കു ശേഷം യാത്ര ആരംഭിച്ചത്. തുടർന്ന് പെറുവിനോട് ഏകപക്ഷിയമായ ഒരു ഗോളിനു പരാജയപ്പെട്ട ബ്രസീൽ സെനഗലുമായി നടന്ന മത്സരത്തിൽ സമനില വഴങ്ങി. അതിനു പിന്നാലെയാണ് നൈജീരിയയും ബ്രസീലിനെ പിടിച്ചുകെട്ടിയത്.
ഇതിനിടെ സൂപ്പർ താരം നെയ്മർ പരുക്കേറ്റു പുറത്തായത് ബ്രസീലിന് ആശങ്കയായി. കളി തുടങ്ങി 12ആം മിനിട്ടിൽ തന്നെ ബ്രസീൽ പുറത്തായി. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സ്വയം ഗ്രൗണ്ടിനു പുറത്തേക്ക് നടന്ന നെയ്മർ ജേഴ്സി ഒരു ആരാധകന് എറിഞ്ഞു നൽകി തംപ്സ് അപ് മുദ്ര കാണിച്ചിരുന്നു. നേരത്തെ പരുക്ക് പറ്റിയതിനെത്തുടർന്ന് കോപ്പ അമേരിക്കയും നെയ്മറിനു നഷ്ടപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here