വോട്ട് കച്ചവടം: ഉന്നത തലത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അറിയില്ല: മോഹന്‍കുമാര്‍

വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ട് കച്ചവടമെന്ന കെ. മുരളീധരന്റെ പ്രസ്താവന തള്ളി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍. താന്‍ കണ്ട വോട്ടര്‍മാര്‍ ആരും കച്ചവടത്തിന് വോട്ട് നല്‍കുന്നവരാണെന്ന് തോന്നുന്നില്ലെന്ന് മോഹന്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവട ആരോപണവും എന്‍എസ്എസിന്റെ ശരിദൂര നിലപാടുമെല്ലാം മുന്നണികള്‍ പ്രചാരണ വിഷയമാക്കുകയാണ്. എന്‍എസ്എസ് നിലപാടില്‍ യുഡിഎഫ് ക്യാമ്പ് സന്തോഷിക്കുന്നുണ്ടെങ്കിലും വോട്ട് കച്ചവട ആരോപണത്തില്‍ കെ. മുരളീധരന്റേയോ മുല്ലപ്പള്ളി രാമചന്ദ്രന്റെയോ അഭിപ്രായമല്ല യുഡിഎഫ് സ്ഥാനാര്‍ഥിക്ക്.
സ്ഥാനാര്‍ഥി എന്ന നിലയില്‍ അങ്ങനെയൊന്നു ശ്രദ്ധിച്ചിട്ടില്ലെന്നും ഇനി ഉന്നത തലത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ എന്നത് തന്റെ അറിവില്‍ വന്നിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവിന്റെ വികസന പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുമ്പോള്‍ വിവാദങ്ങള്‍ ഉയര്‍ത്തി അത് മൂടിവയ്ക്കാനാണ് മറുഭാഗം ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.
എല്‍ഡിഎഫ് വോട്ടുകള്‍ വി.കെ. പ്രശാന്തിനു തന്നെ ലഭിച്ചാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എസ്. സുരേഷ് പറയുന്നു. എന്‍എസ്എസ് നിലപാടാണ് ശരിയെന്നും സുരേഷ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here