വിജയ് ഹസാരെ: കേരളം കളി മറന്നു; മുംബൈക്ക് കൂറ്റൻ ജയം

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന് കനത്ത പരാജയം. എട്ടു വിക്കറ്റിനാണ് മുംബൈ കേരളത്തിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറിൽ 199 റൺസെടുത്ത് ഓളൗട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 38.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള കേരളത്തിൻ്റെ യാത്ര ദുഷ്കരമായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് സ്കോർ ബോർഡിൽ 15 റൺസുള്ളപ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. വിഷ്ണു വിനോദിനെ (9) പുറത്താക്കിയ ധവാൽ കുൽക്കർണിയാണ് കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. കഴിഞ്ഞ മത്സരത്തിലെ ഡബിൾ സെഞ്ചൂറിയൻ സഞ്ജു സാംസണും അധികം ആയുസ്സുണ്ടായില്ല. 15 റൺസെടുത്ത സഞ്ജുവിൻ്റെ കുറ്റി പിഴുത എസ്എൻ താക്കൂർ സച്ചിൻ ബേബിയെയും (8) മടക്കി അയച്ചു.
ആറു റൺസെടുത്ത ജലജ് സക്സേനയെ ശിവം ദുബേ ബൗൾഡാക്കിയതിനു പിന്നാലെ ടൂർണമെൻ്റിൽ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും മടങ്ങി. 43 റൺസെടുത്ത ഉത്തപ്പയെ ഷംസ് മുലാനി വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പൊന്നം രാഹുൽ (25) ധ്രുമി മത്കറിനു വിക്കറ്റ് സമ്മാനിച്ചും മുഹമ്മദ് അസ്‌ഹറുദ്ദീൻ (15) എസ്എൻ താക്കൂറിൻ്റെ മൂന്നാം ഇരയായും പവലിയനിലെത്തി. കെ എം ആസിഫിനെക്കൂടി (1) പുറത്താക്കിയ ധുമി കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കി.
ഒൻപതാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനും എംഡി നിതീഷും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ മാന്യമായ സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് വിലപ്പെട്ട 68 റൺസാണ് ഒൻപതാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 49ആം ഓവറിൽ ഇരുവരെയും പുറത്താക്കിയ ധവാൽ കുൽക്കർണി കേരള ഇന്നിംഗ്സിനു തിരശീലയിട്ടു. അക്ഷയ് ചന്ദ്രൻ 29 റൺസെടുത്തും നിതീഷ് എംഡി 40 റൺസെടുത്തുമാണ് പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒരിക്കൽ പോലും ഭീഷണിയാവാൻ കേരളത്തിനു സാധിച്ചില്ല. ആദ്യ വിക്കറ്റിൽ തന്നെ അവർ 195 റൺസ് കൂട്ടിച്ചേർത്തു. യശസ്വി ജെയ്‌സ്വാളും ആദിത്യ താരെയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെ മുംബൈയുടെ ജയം ഉറപ്പിച്ചു. ജെയ്സ്വാൾ 122 റൺസെടുത്തും ആദിത്യ താരെ 67 റൺസെടുത്തുമാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും വിഷ്ണു വിനോദാണ് നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here