Advertisement

നിർഭാഗ്യവും അലസതയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില

October 15, 2019
0 minutes Read

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില. ഓരോ ഗോളുകൾ വീതമാണ് ഇരു ടീമുകളും അടിച്ചത്. അലസതയും നിർഭാഗ്യവുമാണ് ഇന്ത്യക്ക് ജയം നിഷേധിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന ബംഗ്ലാദേശിനെതിരെ രണ്ടാം പകുതിയിൽ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

നിറഞ്ഞു കവിഞ്ഞ സാൾട്ട് ലേക്ക്ക് സ്റ്റേഡിയത്തെ സാക്ഷിയാക്കി പന്തുതട്ടിയ ഇന്ത്യയെ എട്ടാം മിനിട്ടിൽ ബംഗ്ലാദേശ് ഒന്നു വിറപ്പിച്ചതാണ്. അതിൽ നിന്നും വളരെ വേഗം കരകയറിയ ഇന്ത്യ ബംഗ്ലാ പ്രതിരോധത്തെ പാവട്ടം പരീക്ഷിച്ചു. 10ആം മിനിട്ടിൽ അനിരുദ്ധ് ധാപ്പയും ആഷിഖും ചേർന്ന ഒരു നീക്കം ഫ്രീകിക്കിൽ അവസാനിച്ചു.

26ആം മിനിട്ടിൽ സഹൽ എടുത്ത ഫ്രീകിക്ക് ഉദാന്ത് സിംഗ് ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് മറിച്ചു നൽകി. പക്ഷേ, ഛേത്രിക്ക് ബോളിനരികിൽ ഓടിയെത്താനായില്ല. 34ആം മിനിട്ടിൽ രാഹുൽ ഭേക്കെയുടെ ത്രോയിൽ തല വെച്ച മൻവീർ സിംഗിൻ്റെ ഷോട്ട് ബംഗ്ലാദേശ് ഗോളി കുത്തിയകറ്റി.

ഇന്ത്യയുടെ ശ്രമങ്ങൾക്കിടെ ബംഗ്ലാദേശ് ആദ്യ വെടിപൊട്ടിച്ചു. സാദുദ്ദീനാണ് ഗോൾ നേടിയത്. ഫാർ പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയ ഒരു ഫ്രീ കിക്ക് കുത്തിയകറ്റാൻ അഡ്വാൻസ് ചെയ്ത ഗുർപ്രീതിനു പിഴച്ചു. അനായാസ ഹെഡർ. പന്ത് വല തുളച്ചു.

പന്ത് അലസമായി നഷ്ടപ്പെടുത്തുന്ന ഇന്ത്യയെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ടത്. ഒറ്റപ്പെട്ട ചില നീക്കങ്ങൾ ഗോളിലെത്തിയില്ല. ബംഗ്ലാദേശ് നടത്തിയ ചില കൗണ്ടർ അറ്റാക്കുകൾ ഇന്ത്യൻ പെനൽറ്റി ബോക്സിൽ അപകടം വിതച്ചു. ഇതോടെ ഇന്ത്യ തന്ത്രം മാറ്റി ചെറുപാസുകളിലൂടെ കളി മെനയാൻ തുടങ്ങി. സാവധാനം ഇന്ത്യ കളിയിൽ ആധിപത്യം സ്ഥാപിച്ചു. എണ്ണം പറഞ്ഞ ചില ഷോട്ടുകൾ ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തു പോവുകയും മറ്റു ചില ഷോട്ടുകൾ ഗോൾ കീപ്പറിൻ്റെ കൈയ്യിലേക്ക് തന്നെ നേരിട്ടെത്തുകയും ചെയ്തു. ഇന്ത്യ ദൗർഭാഗ്യത്തെ പഴിച്ച നിമിഷങ്ങൾ. ഒരു തോൽവിയോടെ സ്വന്തം നാട്ടിൽ തലകുനിക്കേണ്ടി വരുമോ എന്ന ഭീതി ഇന്ത്യൻ ക്യാമ്പിൽ പടർന്നു.

ആ ചിന്തകൾക്കു വിരാമമിട്ട് 89ആം മിനിട്ടിൽ ഇന്ത്യ സമനില പിടിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിൻ്റെ കോർണറിൽ തലവെച്ച് ആദിൽ ഖാനാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഗോൾ വീണതിനു ശേഷം ഇന്ത്യ ആക്രമണം കനപ്പിച്ചെങ്കിലും ശേഷമുള്ള ഒരു മിനിട്ടും 5 മിനിട്ട് ഇഞ്ചുറി ടൈമും ബംഗ്ലാദേശ് പിടിച്ചു നിന്നതോടെ കളി സമനില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top