കൂടത്തായി കൂട്ടക്കൊലപാതകം: ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പതിനെട്ടാം തീയതി നാല് മണിവരെയാണ് കസ്റ്റഡി നീട്ടിയത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 19 ന് കോടതി പരിഗണിക്കും.
ജോളിയെ ആറുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. പ്രജികുമാർ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസിക ബുദ്ധിമുട്ടില്ലെന്നും മൂന്ന് പ്രതികളും കോടതിയിൽ പറഞ്ഞു. പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യക്ക് 10 മിനിറ്റ് സമയം കോടതി അനുവദിച്ചു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ ഭർത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഷാജുവിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയും സഖറിയാസിനെ വീട്ടിലെത്തിയുമാണ് ചോദ്യം ചെയ്തത്. രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വിട്ടയച്ചു. കേസിൽ ഷാജുവിനെ മൂന്ന് തവണയാണ് ചോദ്യം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here