ദന്തപരിചരണ മേഖലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി

സൗദിയിലെ ദന്തപരിചരണ മേഖലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽ സാമൂഹിക വികസനകാര്യ മന്ത്രാലയം. മലയാളി ഡോക്ടർമാർ ധാരാളമായി ദന്ത പരിചരണ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വദേശിവൽക്കരണം മലയാളി ഡോക്ടർമാരെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വർഷത്തെ കണക്കുകൾ പ്രകാരം 9729 വിദേശ ദന്ത ഡോക്ടർമാരാണ് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിറ്റീസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. 5287 സ്വദേശി ഡോക്ടർമാരും രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്. എന്നാൽ ആയിരത്തിലധികം സ്വദേശികൾ തൊഴിൽ രഹിതരായി കഴിയുന്നവരാണ്. ഈ സാഹചര്യത്തിലാണ് ദന്ത പരിചരണ രംഗത്ത് കൂടുതൽ സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് സമ്പൂർണ സ്വദേശിവൽക്കരണം നടത്താൻ ശ്രമം തുടങ്ങിയത്.
വിദേശ ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്്‌മെന്റ് തടയാൻ നേരത്തെ ആരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ധാരണയിലെത്തിയിരുന്നു. എന്നാൽ ആശ്രിത വിസയിലെത്തുന്ന വനിതാ ദന്ത ഡോക്ടർമാർ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസിൽ രജിസ്‌ട്രേഷൻ നേടി തൊഴിൽ കണ്ടെത്തുന്നുണ്ട്. സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതോടെ ഈ പ്രവണത ഇല്ലാതാക്കാൻ കഴിയും.
സൗദിയിൽ 18 സർക്കാർ ദന്തൽ കോളജുകൾ ഉൾപ്പെടെ 26 അംഗീകൃത കോളജുകളാണുളളത്. ഇവിടങ്ങളിൽ നിന്നു വർഷം 3000 ബിരുദ ധാരികളാണ് വിജയകരമായി പഠനം പൂർത്തിയാക്കുന്നത്. ഇവർക്ക് തൊഴിൽ കണ്ടെത്തുന്നതിന് സദേശിവൽക്കരണം അനിവാര്യമാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here