ജോളി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. കസ്റ്റഡി റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേസിന്റെ അന്വേഷണം കോയമ്പത്തൂരിലേക്കും, കട്ടപ്പനയിലേക്കും വ്യപിപ്പിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
കൊലപാതകത്തിൽ ജോളിയുടെ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ നിന്ന് രക്ഷിക്കാൻ ജോളിയെ ബന്ധുകൾ സഹായിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണത്തോട് ജോളി പൂർണമായും സഹകരിക്കാത്തത് കാരണം തെളിവ് ശേഖരിക്കാൻ ബുദ്ധിമുട്ടുന്നതായും കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് പ്രതികൾ വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണ്. ഇത് മനസിലാക്കാൻ അവിടേയ്ക്ക് പോകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കോയമ്പത്തൂരിൽ പ്രതികളുമായി തെളിവെടുപ്പ് നടത്താൻ മൂന്ന് ദിവസത്തെ സാവകാശം കൂടി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം നാലിന് മുൻപ് പ്രതികളെ ഹാജരാക്കണമെന്ന നിർദേശത്തോടെ രണ്ട് ദിവസം കൂടി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here