Advertisement

തൊഴിയൂർ സുനിൽ വധത്തിൽ പൊലീസ് കള്ളക്കേസിൽ കുടുക്കിയ ബാബു സിനിമാക്കഥയെ വെല്ലുന്ന 25 വർഷങ്ങളെപ്പറ്റി സംസാരിക്കുന്നു

October 16, 2019
1 minute Read

25 വർഷങ്ങളാണ് നാല് നിരപരാധികളുടെ ജീവിതത്തിൽ നിന്ന് കേരള പൊലീസ് അടർത്തിയെടുത്തത്. 1994 മുതൽ 2019 വരെ നീണ്ട കാലയലവ് നാലു ചെറുപ്പക്കാരുടെ ജീവിതത്തെ തച്ചു തകർത്തു. 94 ഡിസംബറിൽ നടന്ന തൊഴിയൂർ സുനിൽ വധം നേരെ ലാൻഡ് ചെയ്തത് സിപിഐഎം പ്രവർത്തകരായ നാലു ചെറുപ്പക്കാരിലായിരുന്നു. മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും പൊലീസ് അവരെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചു. കോടതി അവരെ ജീവപര്യന്തം തടവിനു വിധിച്ചു. നാല് വർഷങ്ങൾക്കു ശേഷം ഇവർ കുറ്റവാളികളല്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും ഇവരെ നിപരാധികളാക്കി ശിക്ഷ റദ്ദാക്കുകയും ചെയ്തു. പുനരന്വേഷണത്തിനായി അന്ന് മുതൽ ഈ നാലു പേർ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അത് നടന്നത്. ഇപ്പോഴിതാ ക്രൈം ബ്രാഞ്ച് മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് മുതൽ ഇന്നു വരെയുള്ള യാത്രയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് അന്ന് പൊലീസ് പ്രതിയാക്കിയ നാലു പേരിൽ പെട്ട ബാബു.

സംഭവം നടന്നതിനു ശേഷം എപ്പോഴാണ് അറസ്റ്റ് ചെയ്തത്?

അറസ്റ്റ് ചെയ്തതല്ല, കീഴടങ്ങിയതാണ്. 1994 ഡിസംബറിൽ സംഭവം നടന്ന് രണ്ട് മാസങ്ങൾക്കു ശേഷം ഞങ്ങൾ കീഴടങ്ങുകയായിരുന്നു. വീട്ടിലും നാട്ടിലുമൊക്കെ പൊലീസുകാർ വന്ന് പ്രശ്നമുണ്ടാക്കി. കൂട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തി. അങ്ങനെ കീഴടങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. പെരുമ്പിലാവ് സ്വദേശിയായ പൊലീസ് കുഞ്ഞൂട്ടി എന്ന് പേരുള്ള ഒരാളുണ്ട്. അയാള് മുഖാന്തിരമാണ് സറണ്ടർ ആവുന്നത്. പൊലീസുകാർക്ക് 50000/40000 രൂപ ഞങ്ങൾ കൊടുത്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിടും എന്ന ധാരണയുടെ പുറത്താണ് ഞങ്ങൾ കീഴടങ്ങിയത്. ഞങ്ങളെ ആ അവസരത്തിൽ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അത്തരമൊരു കൊലപാതകമാണല്ലോ നടന്നത്. അപ്പോ ആൾക്കാർക്ക് സഹകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. വെറുപ്പോടു കൂടിയാണ് ആൾക്കാർ ഞങ്ങളെ കണ്ടിരുന്നത്.

പൊലീസ് ബുദ്ധിപൂർവം 11 പ്രതികളെ ഇട്ടിരുന്നു. ഒൻപതു പേരുടെ പേരും രണ്ട് പേരെ കണ്ടാലറിയാവുന്ന രീതിയിലുമായിരുന്നു പ്രതിപ്പട്ടിക. ഞങ്ങൾ ആരോടെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ പിറ്റേ ദിവസം അവരുടെ വീട്ടിൽ പൊലീസ് ചെന്നിട്ട് ഭീഷണിപ്പെടുത്തും. അപ്പോ ആരും സഹായിക്കില്ലായിരുന്നു. അപ്പോഴാണ് സഹായവുമായി കുഞ്ഞൂട്ടി വരുന്നത്. അത് പൊലീസ് ബുദ്ധി ആയിരുന്നു. ഞങ്ങളെ എങ്ങനെയെങ്കിലും കുടുക്കുക എന്നതായിരുന്നു പൊലീസിൻ്റെ ലക്ഷ്യം. പൊലീസ് അയച്ച ആളായിരുന്നു കുഞ്ഞൂട്ടി. അങ്ങനെ സറണ്ടർ ആയി.

പൊലീസ് എങ്ങനെയാണ് കുറ്റം സമ്മതിപ്പിച്ചത്?

ജെയ്സൺ എന്ന് പേരുള്ള ഞങ്ങളുടെ സ്നേഹിതനെ ക്രൂരമായി മർദ്ദിച്ചിട്ടാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. ഉരുട്ടലും കണ്ണിലും മലദ്വാരത്തിലും ലിംഗത്തിലും മുളകു പൊടി പുരട്ടലും എന്നിങ്ങനെ അന്യം നിന്നു പോയ മർദ്ദനമുറകളെല്ലാം ആ സുഹൃത്തിൻ്റെ മേൽ പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചു. ഞങ്ങളെയും പല തരത്തിൽ പൊലീസ് മർദ്ദിച്ചു.

കുറ്റം സമ്മതിപ്പിച്ചതിനു ശേഷം അവർക്ക് ആയുധങ്ങൾ വേണമെന്നായി. 11 ദിവസമാണ് ഞങ്ങളെ ലോക്കപ്പിലിട്ടത്. ഞങ്ങളുടെ ഒരു സുഹൃത്തിനെക്കൊണ്ട് ആയുധങ്ങൾ സംഘടിപ്പിച്ചു. എസ്ഐ സതീശൻ അയാളുടെ ശേഖരത്തിൽ നിന്ന് ആയുധങ്ങൾ കൊടുത്തു. അയാളുടെ ക്വാർട്ടേഴിസിലാണ് ആയുധങ്ങൾ കൊണ്ടുപോയി കൊടുത്തത്. പിന്നീട് വണ്ടി വേണമെന്നായി. ഞങ്ങൾക്ക് പരിചയമുള്ള എല്ലാവരുടെയും വണ്ടി നമ്പർ പറഞ്ഞു. ഇവരെല്ലാവരെയും പൊലീസ് വിളിപ്പിച്ചു. അതിൽ സതീശൻ എന്ന ഞങ്ങളുടെ സുഹൃത്ത് കുടുങ്ങി. അവൻ്റെ വണ്ടി ഒരിക്കൽ ഒരു കല്യാണത്തിന് ഞങ്ങൾ വാടകക്ക് വിളിച്ചിട്ടുണ്ടായിരുന്നു. അവനെ ഭീഷണിപ്പെടുത്തി ഒന്നുകിൽ പ്രതിയാകണം, അല്ലെങ്കിൽ സാക്ഷിയാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അങ്ങനെ അവൻ സാക്ഷിയായി. അത് സതീശൻ്റെ വണ്ടിയല്ല, അയൽവാസിയുടേതാണ്. അതവൻ ഇടക്ക് ഉപയോഗിക്കാറുണ്ട്. ആ വണ്ടി ഈ കേസിൽ ഉൾപ്പെടുത്തി. പിന്നീട് കൊല ചെയ്തതെങ്ങനെ എന്നും പൊലീസ് ഞങ്ങൾക്ക് പറഞ്ഞു തന്നു. നിങ്ങൾ പറയുന്നതു പോലെ ഞങ്ങൾ ചെയ്യാമെന്ന് ഒപ്പമുണ്ടായിരുന്ന ബിജി എന്ന സുഹൃത്ത് പറഞ്ഞു. അപ്പോൾ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഇബ്രാഹിം എന്ന പൊലീസുകാരൻ ചോദിച്ചത് ‘നിൻ്റെ പെങ്ങളെ കൂട്ടിത്തരുമോ?’ എന്നായിരുന്നു.

അന്വേഷണ സംഘത്തിൽ ആരൊക്കെ ഉണ്ടായിരുന്നു?

അന്നത്തെ ഡിവൈഎസ്പി ചന്ദ്രൻ്റെ നിർദ്ദേശ പ്രകാരം ഇയാൾ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് ഞങ്ങളെ മർദ്ദിച്ചത്. ചന്ദ്രൻ്റെ വിശ്വസ്തരായ പൊലീസുകാരെയാണ് കൊണ്ടുവന്നിരുന്നത്. ചാലക്കുടിയിൽ നിന്ന് എബ്രഹാം എന്ന് പെരുള്ള ഒരു സിഐയെയും കൊണ്ടുവന്നിരുന്നു. ഇവിടെ ഒരു സിഐ ഉണ്ടായിരുന്നു. എന്നിട്ടും ഒരു സ്പെഷ്യൽ സിഐയെ കൊണ്ടുവന്നു. സ്ഥലം സിഐ ശിവദാസൻ പിള്ള, ഡിവൈഎസ്പി ചന്ദ്രൻ, എസ്ഐ സതീശൻ, എസ്ഐ ടോമി, ഇബ്രാഹിം, എസ്ഐ ശങ്കരനാരായണൻ, കൊലക്കഥ എഴുതിയ ശങ്കരൻ കുട്ടി തുടങ്ങിയ ആളുകളാണ് ഉണ്ടായിരുന്നത്. ജാമ്യം ലഭിച്ച് ഒപ്പിടാൻ പോകുമ്പോഴൊക്കെ ‘എൻ്റെ പേനയുടെ തുമ്പിലാണ് നിങ്ങളുടെ ജീവിത’മെന്നു പറഞ്ഞ് ഇയാൾ ഞങ്ങളെ ഭീഷണിപ്പെടുത്തുമായിരുന്നു.

കോടതി വിധി എങ്ങനെയായിരുന്നു?

95ൽ അറസ്റ്റ്, 97ലാണ് വിധി വന്നത്. ജീവപര്യന്തമായിരുന്നു ശിക്ഷ. വിചാരണയ്ക്കു ശേഷം ആദ്യം വിയ്യൂരിലും പിന്നീട് കണ്ണൂരിലുമായിരുന്നു കഴിഞ്ഞത്. അപ്പീൽ ജാമ്യം കിട്ടി പുറത്തിറങ്ങി നിൽക്കുമ്പോഴാണ് ക്രൈം ബ്രാഞ്ചിലെ അനിൽ സാറ് വരുന്നത്. കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു. അത് 1998ലായിരുന്നു.

അന്നെന്തായിരുന്നു അവരുടെ കണ്ടെത്തൽ?

നായനാർ മന്ത്രിസഭ തീരദേശത്തെ തീവ്രവാദ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കാൻ ഒരു സ്പെഷ്യൽ സ്ക്വാഡുണ്ടാക്കിയിരുന്നു. ആ സ്ക്വാഡിൻ്റെ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇസ്ലാമിക തീവ്രവാദികളാണെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. അന്നത് സെൻസേഷണൽ വാർത്തയായിരുന്നു. പിന്നീട് അത് താഴ്ന്നു. ആ അവസരത്തിൽ ഹൈക്കോടയിൽ ഞാനൊരു ഒറിജിനൽ പെറ്റീഷൻ ഫയൽ ചെയ്തു. അതും അപ്പീലും പരിഗണിച്ച ഹൈക്കോടതി 98ൽ വിധി പറഞ്ഞു. വിധിയിൽ ഞങ്ങൾ തെറ്റുകാരല്ലെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ വിധിയുടെ അടിസ്ഥാനത്തിൽ മാറിമാറിവന്ന സർക്കാരുകൾക്കും മനുഷ്യാവകാശ കമ്മീഷനുമൊക്കെ ഞങ്ങൾ നിവേദനം നൽകി. പക്ഷേ, ഒന്നും ഉണ്ടായില്ല.

ഒരിക്കൽ ക്രൈം ബ്രാഞ്ചിൽ നിന്നും ലോക്കൽ എസിപിയുടെ ഓഫീസിൽ നിന്നും ഞങ്ങളെ വിളിച്ച് മൊഴിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു അത്, 2013ൽ. പിന്നീട് ഈ കേസിൻ്റെ ഫയലുകൾ കാണാനില്ലെന്നും പുനരന്വേഷണം സാധ്യമാവിലെന്നുമുള്ള മറുപടിയാണ് വിഷയത്തിൽ ഞങ്ങൾക്ക് ലഭിച്ചത്. വീണ്ടും ഞങ്ങൾ പലതവണ അപേക്ഷ നൽകി. മൊഴിയെടുക്കൽ നടന്നു എന്നല്ലാതെ ഫലമുണ്ടായില്ല. പിന്നീടാണ് പിണറായി സർക്കാർ അധികാരത്തിലെത്തുന്നത്. അവിടെയും ഞങ്ങൾ നിവേദനം നൽകി. ആ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണത്തിന് ഉത്തരവാകുന്നത്. ക്രൈം ബ്രാഞ്ചിലെ കെ സുരേഷ് ബാബു സാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു കൊല്ലമായിട്ട് മൂപ്പരാണ് കേസ് അന്വേഷിക്കുന്നത്.

പുതിയ പ്രതികളുടെ വെളിപ്പെടുത്തലിൽ കൊട്ടേഷൻ കൊലയാണെന്ന് മൊഴിയുണ്ടല്ലോ. അതെപ്പറ്റി എന്തെങ്കിലും അറിയാമോ?

അതേപ്പറ്റി നാട്ടുകാർ പറയുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന പേരാണ്. പക്ഷേ, തൊഴിയൂർ സുനിലിൻ്റെ കുടുംബം ആളാരാണെന്ന് പറയുന്നുണ്ട്. കോടതിയിൽ നിയമപ്രശ്നം നിൽക്കുന്നതു കൊണ്ട് അത് നമുക്ക് പറയാൻ ബുദ്ധിമുട്ടുണ്ട്. പിന്നെ, ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫയൽ കാണാതെ പോയി എന്നു പറയുന്നതിൽ അട്ടിമറിയുണ്ട്. അന്വേഷണം നടക്കാതിരിക്കാൻ അത് മാറ്റിയതാവാം. കേസിലെ ബിജെപിയുടെ ഇടപെടലും സംശയമുണ്ടാക്കുന്നുണ്ട്. മുസ്ലിം തീവ്രവാദികൾ കൊന്നു എന്ന് റിപ്പോർട്ട് വന്ന ഒരു കേസ് രാഷ്ട്രീയമായി നല്ല ഒരു ആയുധമായിരുന്നിട്ടും അവർ എന്തുകൊണ്ട് ആ വിഷയത്തിൽ നിന്ന് പിന്മാറിയെന്നത് ദുരൂഹമാണ്.

ഇപ്പോൾ നിങ്ങൾ (ബാബു) എന്താണ് ചെയ്യുന്നത്?

ഞാനിപ്പോൾ നാട്ടിലൊരു ഹോട്ടൽ നടത്തുകയാണ്. കൂടെയുണ്ടാവരുന്നവരിൽ ഒരാൾ ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിൽ ചെറിയ കച്ചവടമൊക്കെയായി കഴിയുന്നു. ബാക്കി രണ്ടു പേരും നാട്ടിലാണ്.

തൊഴിയൂർ സുനിലിൻ്റെ കുടുംബം പറയുന്നത് കൊലക്ക് പിന്നിൽ പിച്ചോത്തിൽ ഉസ്മാൻ്റെ മകൻ്റെ കൈകളാണെന്നാണ്. അത് പൊലീസിനോടും പറഞ്ഞുവെങ്കിലും അത് കേൾക്കാൻ പൊലീസ് തയ്യാറായില്ല. മാളിയേക്കപ്പടിക്കൽ ഫസലുവിനെപ്പറ്റിയും പൊലീസിനോട് പറഞ്ഞു. പക്ഷേ, അവനെ പൊലീസ് വിമാനത്താവളത്തിൽ കൊണ്ടാക്കിയെന്നും സുനിലിൻ്റെ കുടുംബം പറയുന്നു. പൊലീസ് വേട്ടക്കാരനൊപ്പമാണെന്നും അവർ പറയുന്നു. കൊല നടന്ന ആ സമയത്ത് കുറച്ച് പണം പിരിച്ച് ബിജെപിയും ആർ എസ്‌ എസും ബാങ്കിലിട്ടിരുന്നു. പിന്നെ ഒന്നുമുണ്ടായില്ല. മൂന്ന് നാല് മാസക്കാലം അവർ ചിലവിനുള്ളത് തന്നിരുന്നു. അതിനു ശേഷം ആർഎസ്എസോ ബിജെപിയോ തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ വീട്ടിലേക്കു പോലും വന്നിട്ടില്ല എന്നും കുടുംബം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top