അയോധ്യ ഭൂമിതർക്കക്കേസ്: മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചാൽ കേസിൽ നിന്ന് പിന്മാറുമെന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ

അയോധ്യ ഭൂമിതർക്കക്കേസിലെ മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചാൽ കേസിൽ നിന്ന് പിന്മാറുമെന്ന് സ്ഥിരീകരിച്ച് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ. മധ്യസ്ഥസമിതിക്ക് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. ഷാഹിദ് റിസ്വി പറഞ്ഞു.
അയോധ്യ കേസിൽ നിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച് യുപി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി ഇന്നലെ സുപ്രിം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേ കുറിച്ച് ആരാഞ്ഞപ്പോഴാണ് സമവായ ശ്രമങ്ങൾ സജീവമാണെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ വെളിപ്പെടുത്തിയത്. ചില കാര്യങ്ങളിൽ സമവായമായിട്ടുണ്ട്. നല്ല കാര്യങ്ങൾ വൈകില്ലെന്നും അഭിഭാഷകനായ ഷാഹിദ് റിസ്വി പറഞ്ഞു.
അയോധ്യയിൽ പകരം പള്ളി നിർമിച്ചു നൽകണം, മേഖലയിലെ ഇരുപത്തിരണ്ട് മുസ്ലിം പള്ളികളുടെ അറ്റകുറ്റപ്പണി സർക്കാർ ഏറ്റെടുക്കണം, ചരിത്ര പ്രാധാന്യമുള്ള പള്ളികൾ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പിനെയും കൂടി ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണം തുടങ്ങിയ സുന്നി വഖഫ് ബോർഡിന്റെ നിർദേശങ്ങളിൽ സമവായമായെന്നാണ് സൂചന.
എന്നാൽ, മറ്റ് ചില വ്യവസ്ഥകൾ ഹിന്ദു സംഘടനകൾ അംഗീകരിച്ചിട്ടില്ല. ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ ഭരണഘടനാ ബെഞ്ചിന് മുന്നിൽ കീറിയെറിഞ്ഞ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതിയെത്തി. രാജീവ് ധവാന്റെ പ്രവൃത്തി പ്രെഫഷണൽ മര്യാദക്ക് നിരക്കാത്തതാണെന്ന് പരാതി നൽകിയ ഹിന്ദു മഹാസഭ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here