നെതർലൻഡ്സ് രാജാവും രാജ്ഞിയും രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി

നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. ന്യൂഡൽഹിയിലെയും മുംബൈയിലെയും പര്യടനം പൂർത്തിയാക്കിയാണ് ഇവർ ഒരു മണിയോടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. രാജദമ്പതികൾക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകി.
രാജ ദമ്പതികൾക്ക് കേരള തനിമയാർന്ന സ്വീകരണമാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ശേഷം നെടുമ്പാശ്ശേരിയിൽ നിന്നും റോഡ് മാർഗം മട്ടാഞ്ചേരിയിലെ ഡച്ച് സംസ്കാരത്തിന്റെ പൈതൃക മുറങ്ങുന്ന ഡച്ച് പാലസിലേക്ക് പുറപ്പെടും. വൈകിട്ട് വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ വിശിഷ്ടാതിഥികൾക്കായി മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും.
നാളെ രാവിലെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ടിൽ കായൽ ഭംഗി ആസ്വദിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നെതർലൻഡ്സ് സന്ദർശനത്തിന്റെ തുടർച്ചയിലാണ് ഡച്ച് രാജാവിന്റെ നേതൃത്വത്തിൽ ഉന്നതതലസംഘം കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചർച്ച ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here