മാർക്ക് ദാന വിവാദം; ചെന്നിത്തലയുടെ മകനെതിരെ ഒളിയമ്പുമായി ജലീൽ; അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന മട്ടിലാണ് ജലീലിന്റെ പ്രതികരണമെന്ന് ചെന്നിത്തല

മാർക്കുദാന വിവാദത്തിൽ കുടുക്കിയ പ്രതിപക്ഷ നേതാവിനെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി ജലീൽ. സിവിൽ സർവീസ് പരീക്ഷയിൽ കോൺഗ്രസ് നേതാവിന്റെ മകന് അഭിമുഖപരീക്ഷയിൽ കിട്ടിയ മാർക്കിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണമാണ് കെ.ടി.ജലീൽ ഉന്നയിച്ചത്. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന മട്ടിലാണ് ജലീലിന്റെ പ്രതികരണമെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ 122 മാർക്ക് പിന്നിലുളള കോൺഗ്രസ് നേതാവിന്റെ മകന് അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ 30 മാർക്ക് കൂടുതൽ കിട്ടിയെന്നായിരുന്നു കെ.ടി ജലീലിന്റെ ആരോപണം. 2017ൽ നടത്തിയ യുപിഎസ്‌സി പരീക്ഷയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കെ.ടി ജലീൽ കാസർഗോഡ് ആവശ്യപ്പെട്ടു.
Read Also : ‘ചെന്നിത്തല പോയത് ഗവർണർക്കൊപ്പം ചായ കുടിക്കാൻ’ മാർക്ക് ദാനവിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് കോടിയേരി
തന്റെ മകന് സിവിൽ സർവീസ് റാങ്ക് കിട്ടിയതിൽ മന്ത്രിക്ക് വിഷമമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. അധിക്ഷേപിക്കാനാണ് മന്ത്രിയുടെ ശ്രമം. സിവിൽ സർവീസ് പരീക്ഷയെപ്പറ്റി മന്ത്രിക്ക് അടിസ്ഥാന വിവരമില്ലെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.
കെടി ജലീലിനെതിരായ മാർക്ക് ദാനവിവാദത്തെ രമേശ് ചെന്നിത്തലയുടെ മകന്റെ ഐ.എ.എസുമായി ബന്ധപ്പെട്ട ആരോപണത്തിൽ പ്രതിരോധിക്കാനാണ് ഇടതുനീക്കം. എന്നാൽ ജലീലിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here