Advertisement

പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിനെ സ്ഥലംമാറ്റാൻ സുപ്രീംകോടതി തീരുമാനം

October 17, 2019
1 minute Read

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിനെ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റാൻ കേന്ദ്രസർക്കാരിന് ശുപാർശ നൽകി.

മുതിർന്ന സെഷൻസ് ജഡ്ജി പി. കൃഷ്ണ ഭട്ടിനെ കർണാട ഹൈക്കോടതി ജഡ്ജിയാക്കണമെന്ന ശുപാർശ കേന്ദ്രത്തിന് വീണ്ടും അയക്കാനും കൊളീജിയം തീരുമാനിച്ചു. അതേസമയം, അഞ്ച് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിർദേശിച്ചു.

ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാവുകയാണെന്നും പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് നടപടിയില്ലെന്നും ജസ്റ്റിസ് രാകേഷ് കുമാർ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ജുഡീഷ്യൽ ജോലികളിൽ നിന്ന് കുറച്ചു ദിവസങ്ങൾ മാറ്റിനിർത്തി.

Read Also : അഴിമതിക്കെതിരെ നിലപാടെടുത്ത പട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറിനെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റി

പിന്നീട് ജുഡീഷ്യൽ ജോലിയിൽ തുടരാൻ അനുമതി നൽകിയെങ്കിലും സ്ഥലംമാറ്റാൻ തീരുമാനിക്കുകയായിരുന്നു. പി. കൃഷ്ണഭട്ടിനെ കർണാടക ഹൈക്കോടതി ജഡ്ജിയാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്രത്തിന് അയക്കാനുള്ള കൊളീജിയത്തിന്റെ തീരുമാനവും ശ്രദ്ധേയമാണ്. കൃഷ്ണഭട്ടിനെതിരെ വനിതാ മജിസ്‌ട്രേറ്റിന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും അനുകൂല നിലപാടെടുക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ. ചെലമേശ്വർ കേന്ദ്രത്തിനെതിരെ വലിയ വിമർശനമാണ് മുമ്പ് ഉന്നയിച്ചത്.

അതേസമയം, മേഘാലയ, ജാർഖണ്ഡ്, മദ്രാസ്, മധ്യപ്രദേശ്, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നേരത്തെ ശുപാർശ ചെയ്തിരുന്ന പേരുകൾ കൊളീജിയം പിൻവലിച്ചു. പകരം പുതിയ പേരുകൾ കേന്ദ്രസർക്കാരിന് കൈമാറി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച ജസ്റ്റിസ് വി.കെ. താഹിൽ രമണി രാജിവച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top