റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ്; ഇന്ത്യാ ലെജന്‍ഡ്സിനെ സച്ചിന് നയിക്കും

സച്ചിന് തെണ്ടുല്‍ക്കര്‍, ബ്രെയാന്‍ ലാറ, മുത്തയ്യ മുരളീധരന് അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഏറ്റുമുട്ടുന്ന ‘റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ്’ 2020 ഫെബ്രുവരി രണ്ടു മുതല്‍ 16 വരെ നടക്കും. റോഡ് സുരക്ഷാ ബോധവത്കരണത്തിനായാണ്് ഇതിഹാസ താരങ്ങള്‍ വീണ്ടും കളിക്കാനിറങ്ങുക. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 110 താരങ്ങളാകും റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ കളിക്കാനുണ്ടാവുക. തിലകരത്നെ ദില്ഷാന്, ബ്രെറ്റ് ലീ, സഹീര്‍ ഖാന് എന്നിവരെല്ലാം പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.
മുംബൈയിലും പൂനെയിലുമായിട്ടായിരിക്കും മത്സരങ്ങള്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ റോഡ് സുരക്ഷാ സെല്ലുമായി ബന്ധപ്പെട്ടാണ് ട്വന്റിട്വന്റി മോഡലില്‍ മത്സരം സംഘടിപ്പിക്കുന്നത്. ആറ് ടീമുകളായിട്ടായിരിക്കും മത്സരം സംഘടിപ്പിക്കുക. ഇന്ത്യ ലെജന്‍ഡ്സ്, ഓസ്ട്രേലിയ ലെജന്‍ഡ്സ്, സൗത്ത് ആഫ്രിക്കാ ലെജന്‍ഡ്സ്, ശ്രീലങ്ക ലെജന്‍ഡ്സ്, വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സ് എന്നീ പേരുകളിലായിരിക്കും ടീമുകള്‍ ഇറങ്ങുക.
Read More: പുതിയ ടി-20 ടൂർണമെന്റ്; അണിനിരക്കുന്നത് സച്ചിനും സെവാഗും ലാറയുമടക്കമുള്ള ഇതിഹാസങ്ങൾ
ഇന്ത്യാ ലെജന്‍ഡ്സിനെ സച്ചിന് തെണ്ടുല്‍ക്കര്‍ നയിക്കും. വെസ്റ്റ് ഇന്‍ഡീസിനെ ലാറയും, ശ്രീലങ്കന്‍ ലെജന്‍ഡ്സിനെ ദില്‍ഷനും, ഓസ്ട്രേലിയന്‍ ലെജന്‍ഡ്സിനെ ലീയും, സൗത്ത് ആഫ്രിക്കയെ ജോണ്ടി റോഡ്സും നയിക്കും.
10 ലീഗ് മാച്ചുകളാകും ഉണ്ടാവുക. മത്സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം റോഡ് അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഉപയോഗിക്കും. ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ റോഡ് സുരക്ഷയുടെ സന്ദേശം എല്ലാവരിലേക്കും എത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന്റെ കമ്മീഷണറുമായ സുനില്‍ ഗാവാസ്കര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here