എംജിക്ക് പിന്നാലെ സാങ്കേതിക സർവ്വകലാശാലാ അദാലത്തിലും വ്യാപക ക്രമക്കേട്

എംജി സർവകലാശാലയിലെ മാർക്ക് ദാനത്തിന് സമാനമായി സാങ്കേതിക സർവ്വകലാശാലയിലെ അദാലത്തിലും വ്യാപക ക്രമക്കേട്. ഇന്റേണൽ മാർക്ക് ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചട്ടം ലംഘിച്ച് അദാലത്തിൽ തീരുമാനമെടുത്തത്. സിൻഡിക്കേറ്റിനെ മറികടന്ന് ഇന്റേണൽ മാർക്ക് നൽകിയ അദാലത്തിൽ മന്ത്രി കെടി ജലീലിന് പുറമെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നു.
Read Also: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വീണ്ടും മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ക്രമക്കേടുകൾ വ്യാപകമെന്ന ആരോപണം ശരിവച്ചാണ് സാങ്കേതിക സർവകലാശാല അദാലത്ത് മിനിട്‌സ് പുറത്ത് വന്നിരിക്കുന്നത്. മാർക്ക് ദാനത്തിന് തീരുമാനമെടുത്ത എംജി സർവകലാശാല അദാലത്തിന് സമാനമായി സിൻഡിക്കേറ്റിനെ മറികടന്നാണ് ചട്ട വിരുദ്ധ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
ഫെബ്രുവരി 27ന് നടന്ന അദാലത്തിൽ ഇന്റേണൽ മാർക്ക്, വീണ്ടും സപ്ലിമെൻററി പരീക്ഷ എഴുതുന്നതിനുള്ള അനുമതി, പുനർമൂല്യനിർണയം എന്നീ കാര്യങ്ങളിൽ തീർപ്പുകളുണ്ടാക്കി. മന്ത്രി കെടി ജലീലിനൊപ്പം എംജി സർവകലാശാലയിലെ വിവാദ അദാലത്തിൽ പങ്കെടുത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പിഎൻ ദിലീപ് എന്നിവരും സാങ്കേതിക സർവകലാശാല അദാലത്തിൽ പങ്കെടുത്തിരുന്നു. സ്വയംഭരണാധികാരമുള്ള സർവകലാശാലകളിലെ സിൻഡിക്കേറ്റുകളെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here