പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകർന്ന് നെദർലാൻഡ് രാജാവും രാജ്ഞിയും; ചിത്രങ്ങൾ

പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകർന്ന് നെദർലാൻഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും. ഒന്നര മണിക്കൂറിലേറേ വേമ്പനാട്ട് കായലിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

അമ്പലപ്പുഴ വേലകളിയുടെ അകമ്പടിയോടെയാണ് വില്യം അലക്‌സാണ്ടറെയും പത്‌നി മാക്‌സിമയെയും ആലപ്പുഴ എതിരേറ്റത്. ഫിനിഷിങ് പോയിന്റിൽ സജ്ജമാക്കിയിരുന്ന വഞ്ചിവീട്ടിലേക്ക് വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് രാജാവും രാജ്ഞിയും പ്രവേശിച്ചത്.

ഹൗസ് ബോട്ട് യാത്രക്കിടെ ചെമ്മീനും കരിമീനുമുൾപ്പെടെ കുട്ടനാടൻ വിഭവങ്ങൾ ഒരുക്കിയിരുന്നു. അതിഥികൾ ഒന്നര മണിക്കൂറോളം കുട്ടനാട് കൺകുളിർക്കെ കണ്ടു. യാത്രക്കിടെ ജില്ലാ കളക്ടറുമായി ഹ്രസ്വ ഔദ്യോഗിക ചർച്ചയും നടന്നു. അൽപ്പസമയം ബോട്ടിന്റെ മുകൾ തട്ടിൽ നിന്ന രാജാവും രാജ്ഞിയും കായൽ ഭംഗിയും ആസ്വദിച്ചു.

 കുട്ടനാട്ടിലെ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്താണ് ഡച്ച് രാജകുടുംബാംഗങ്ങൾ കൊച്ചിക്ക് മടങ്ങിയത്. പഴയ ഡച്ച് അധിനിവേശത്തിന്റെ ഓർമകൾക്ക് വിരാമമിട്ട് സൗഹാർദത്തിന്റെ പുതിയ ഏടുകൾ എഴുതിച്ചേർത്തായിരുന്നു മടക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top