ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച വക്കീലിനെ തനിക്കു വേണ്ടെന്ന് ജോളി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ ബിഎ ആളൂർ തൻ്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തൻ്റെ സഹോദരൻ ഏർപ്പാടാക്കിയെന്ന അഭിഭാഷകൻ്റെ അവകാശവാദം താൻ വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.
സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്തിൽ ഒപ്പിടീപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രമുഖൻ്റെ പ്രതികരണം. ആളൂർ കുപ്രസിദ്ധമായ കേസുകൾ മാത്രമാണ് ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായതെന്നും ആളൂരിനു വേണ്ടത് ‘ചീപ്പ് പബ്ലിസിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.
ജോളിയുടെ കട്ടപ്പനയിലെയും ഗൾഫിലെയും വീട്ടുകാർ ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു ‘ആളൂര്‍ അസോസിയേറ്റ്സ്’ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം വ്യാജമാണെന്നാണ് പുതിയ വെളിപ്പെടുത്തലുകളിൽ തെളിയുന്നത്.
അതേസമയം, ജോളി ഇപ്പോൾ തന്നെ തള്ളിപ്പറയുന്നത് അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥൻ്റെ സമ്മർദ്ദം മൂലമാണെന്നാണ് അഡ്വക്കറ്റ് ആളൂരിൻ്റെ പ്രതികരണം. ജോളി ഇക്കാര്യം എന്തുകൊണ്ടാണ് കോടതിയിൽ പറയാതിരുന്നതെന്നും വക്കാലത്ത് വേണ്ടെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്നും ആളൂർ പറയുന്നു. പൊലീസ് ഒന്നിനും സമതിക്കുന്നില്ലെന്നും ആളൂർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here