ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി

ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും പേട്ട സിഐ കെ.ആർ ബിജു പറഞ്ഞു. ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒരു മണിക്കുശേഷമാണ് സംഭവം. ആനയറ ലോർഡ്സ് ഹോസ്പിറ്റലിനു സമീപം റോഡരികിൽ വിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
അനന്തപുരി ഹോസ്പിറ്റലിനു സമീപത്തു നിന്നാണ് വാഹനം ഓട്ടം വിളിച്ച ശേഷം ആനയറ എത്തിയപ്പോൾ വിപിനെ വെട്ടുകയായിരുന്നു. ഇതിനു ശേഷം പ്രതികൾ രക്ഷപെട്ടു. പൊലീസെത്തി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതക കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിപിൻ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
വലത് കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. തൊലിമാത്രമാണ് വേർപെടാനുണ്ടായിരുന്നത്. ഇടതുപാദവും വെട്ടേറ്റ് വേർപെട്ട നിലയിലായിരുന്നു. ഇരുൾമൂടിയ പ്രദേശമായതിനാൽ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here