ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒരു ഗോളിന് പിന്നിട്ടുനിന്നതിന് ശേഷം ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു എടികെയ്‌ക്കെതിരെ മഞ്ഞപ്പടയുടെ ജയം. ക്യാപ്റ്റൻ ബർത്തലോമി ഒഗ്ബെച്ചേയുടെ രണ്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.
ആറാം മിനിറ്റിൽ എടികെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് വഴങ്ങി. ഐറിഷ് താരം കാൾ മക്ഹ്യൂവാണ് ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചത്. ഗാർഷ്യ ഇൻഗ്യൂസിന്റെ ഫ്രീകിക്കിന് ശേഷം ലഭിച്ച ഹെഡ്ഡറാണ് ഗോളിന് വഴിയൊരുക്കിയത്. ലീഡ് നേടിയതോടെ കൊൽക്കത്തെയ്ക്കായിരുന്നു കളിയിൽ ആധിപത്യം. തുടർന്ന് പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് എടികെക്ക് ഒപ്പമെത്തി. ഒരു കോർണർ കിക്കിനിടെ ജെയ്‌റോ റോഡ്രിഗസിന്റെ ജെഴ്സി പിടിച്ചുവലിച്ചതിന് കിട്ടിയ ശിക്ഷയായിരുന്നു. കിക്കെടുത്ത സ്ട്രൈക്കർ ബർത്തലോമ്യു ഒബ്ബെച്ചെ പെനാൽറ്റി ഗോളാക്കുകയായിരുന്നു. സമനിലയിലേക്കെന്ന് ഉറപ്പിച്ച ആദ്യ പകുതിയിൽ തന്നെ ബർത്തലോമിയോയിൽ നിന്ന് രണ്ടാം ഗോളും പിറന്നു.
വർണശബളമായ അന്തരീക്ഷത്തിലാണ് ഐഎസ്എൽ ആറാം പതിപ്പിന് തുടക്കമായത്. നിയുക്ത ബിസിസിഐ പ്രസിഡന്റും എടികെ സഹ ഉടമയുമായ സൗരവ് ഗാംഗുലി, തെന്നിന്ത്യൻ ചലച്ചിത്ര താരവും കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയുമായ ചിരഞ്ജീവി, റിലയൻസ് ഫൗണ്ടേഷൻ മേധാവി നിത അംബാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here