‘എന്താ വിഷയം അപകടം വല്ലതുമാണോ’എന്ന് പൊലീസ്; ‘ഒരു കൊലപാതകമാണ്, ചെയ്തത് ഞങ്ങളാണെന്ന് പ്രതികൾ’

തിരുവനന്തപുരം ആനയറയിൽ ഓട്ടോഡ്രൈവറായ വിപിനെ വെട്ടിക്കൊന്ന കേസിൽ ആറ് പ്രതികൾ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. തുമ്പ പൊലീസ് സ്റ്റേഷനിൽ നാടകീയമായായിരുന്നു പ്രതികളുടെ കീഴടങ്ങൽ. സ്റ്റേഷനിൽ കീഴടങ്ങും മുൻപ് പ്രതികളെ പിടികൂടാൻ സാധിക്കുമെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ അതിന് മുൻപ് തന്നെ പ്രതികൾ പൊലീസിന് പിടികൊടുക്കുകയായിരുന്നു.
തുമ്പ പൊലീസ് സ്റ്റേഷന് മുൻപിൽ ചുറ്റികറങ്ങിയ സംഘത്തോട് എന്താണ് വിഷയം, അപകടം വല്ലതുമാണോ? എന്ന് എഎസ്ഐ ചോദിച്ചു. അപകടമല്ല സാർ, ഒരു കൊലപാതകമാണ്, ആനയറയിലെ കൊല ചെയ്തതു തങ്ങളാണ് എന്നായിരുന്നു പ്രതികളുടെ മറുപടി. യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതായിരുന്നു പ്രതികൾ ഇത് പറഞ്ഞത്. കസേരയിൽ നിന്ന് എഴുന്നേറ്റ് പൊലീസുകാരൻ സഹപ്രവർത്തകരെ വേഗം വിളിച്ചുവരുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത തുമ്പ പൊലീസ് വിവരം ഡിസിപിയെ അറിയിച്ചു. പിന്നീട് പേട്ട സിഐയും സംഘവും എത്തി പ്രതികളെ പേട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് വിപിനെ വകവരുത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കൈയും കാലും വെട്ടിമാറ്റാനായിരുന്നു തീരുമാനം. ഇതനുസരിച്ചായിരുന്നു ഓരോ വെട്ടും. പക്ഷേ രക്തം വാർന്നു മരിക്കുമെന്ന് കരുതിയില്ലെന്ന് പ്രതികൾ പൊലീസിനോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here