കെമിക്കൽ കളർ പൊടികൾക്ക് നിരോധനം; ഈ മണ്ഡലകാലം മുതൽ പേട്ട തുള്ളലിനു ‘കളർ’ കുറയും

ഈ മണ്ഡലകാലം മുതൽ എരുമേലി പേട്ട തുള്ളലിൽ കെമിക്കൽ കളറുകൾക്ക് നിരോധനം. കെമിക്കൽ കളറിൽ അടങ്ങിയിട്ടുള്ള വിഷമയമായ രാസപദാർത്ഥങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇത് നിരോധിക്കാൻ അധികൃതർ തീരുമാനിച്ചത്.

കോട്ടയം ജില്ലാ കളക്ടർ പികെ സുധീർ ബാബു എരുമേലി പഞ്ചായത്തിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഈ കെമിക്കൽ കളറുകൾ നിരോധിക്കാനും ഇത്തരം കളറുകൾ വിൽക്കുന്ന ഷോപ്പുകൾക്ക് അനുമതി നൽകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ലെഡ്, ആഴ്സനിക്, കാഡ്മിയം തുടങ്ങി വിഷലിപ്തമായ രാസപദാർത്ഥങ്ങൾ ഈ പൊടിയിലുണ്ട്. ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുന്നതു കൂടാതെ ഇത് മണ്ണിനെയും മലിനമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെമിക്കൽ കളർ മാറ്റി ഓർഗാനിക് കളറുകൾ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. തെലുങ്കാന കാർഷിക സർവകലാശാലക്ക് കീഴിൽ നിർമിക്കപ്പെടുന്ന ഓർഗാനിക്ക് കളർ പൊടികൾ വാങ്ങാൻ കടക്കാർക്ക് സാധിക്കും. കെമിക്കൽ പൊടിയെ അപേക്ഷിച്ച് ഓർഗാനിക്ക് പൊടിക്ക് വില കൂടുതലാണെങ്കിലും ഇത് അത്യാവശ്യമാണെന്നാണ് അധികൃതർ പറയുന്നത്.

മണിമലയാറിൻ്റെ പരിസരപ്രദേശങ്ങളിൽ നിന്നും അടുത്തുള്ള കനാലുകളിൽ നിന്നും ഭക്തർ സാധാരണ കുളിക്കുന്ന എരുമലി തോട്ടിൽ നിന്നുമൊക്കെ മണ്ണെടുത്ത് പരിശോധന നടത്തിയിരുന്നു. ഇതിലൊക്കെ വിഷമയമായ രാസപദാർത്ഥങ്ങൾ കണ്ടെത്തിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More