എറണാകുളം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം

എറണാകുളം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ നാളെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. വെള്ളം കയറിയ എറണാകുളം സൗത്തിലെ കോളനിയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു.

എറണാകുളം ജില്ലയില്‍ പ്രളയ കാലത്തുപോലും വെള്ളം കയറാത്ത പല ഭാഗങ്ങളിലും വെള്ളം കയറി. മഴമൂലം രാവിലെ വലിയ പോളിംഗ് തടസപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. 11 ബൂത്തുകള്‍ വെള്ളം കയറിയതിനാല്‍ മാറ്റി സ്ഥാപിക്കേണ്ടിവന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് പല ബൂത്തുകളും ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും മാറ്റിയാണ് പോളിംഗ് നടത്തിയത്. കൊച്ചി നഗരത്തിലെ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് പലയിടത്തും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top