മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; ബാക്രബയൽ സ്വദേശിനി അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. 42-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. ബാക്രബയൽ സ്വദേശിനി നബീസയെ അറസ്റ്റ് ചെയ്തു. ഇവർ യുഡിഎഫ് പ്രവർത്തകയാണെന്ന് ആക്ഷേപമുണ്ട്. നബീസയ്‌ക്കെതിരെ ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

മഞ്ചേശ്വരം കൂടാതെ എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.

ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top