മനുഷ്യ ഇടപെടൽ എങ്ങനെ ഇന്ന് കാണുന്ന ന്യൂനമർദ്ദത്തിനും, ചുഴലിക്കാറ്റിനുമെല്ലാം കാരണമാകുന്നു ? ഗവേഷക വിദ്യാർത്ഥിനിയുടെ കുറിപ്പ്

പരിസ്ഥിതിയെ പിടിച്ചുലയ്ക്കുന്ന മനുഷ്യന്റെ പ്രവർത്തനങ്ങളാണ് ഇന്ന് നാം കാണുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണം എന്ന് നമുക്ക് ബോധ്യമുണ്ട്. എന്നാൽ നമ്മുടെ പ്രവർത്തികൾ എങ്ങനെ ഇന്ന് നാം കാണുന്ന ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റിനുമെല്ലാം കാരണമാകുന്നു എന്ന് വ്യക്തമാക്കുകയാണ് ഗോപിക എന്ന ഗവേഷക വിദ്യാർത്ഥി. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ കാലാവസ്ഥ വ്യതിയാന ഗവേഷണ വിദ്യാർത്ഥി ഗോപിക സുരേഷ് എഴുതിയ കുറിപ്പ് വായിക്കാം :
മുൻകാലങ്ങളിൽ, ന്യുനമർദ്ധം അറബിക്കടലിൽ കുടുതലും അലട്ടിയിരുന്നത് ഗുജറാത്ത് തീരങ്ങളിൽ ആയിരുന്നു. അറബിക്കടലിന്റെ താഴ്ന്ന താപനില ന്യുനമർദ്ദത്തിന്റെ വളർച്ചയെയും സൈക്ലോണിന്റെ രൂപാന്തരണത്തിനും സഹായകമായിരുന്നില്ല എന്നതുകൊണ്ട് അറബിക്കടലിൽ വളരെ കുറച്ചു ചുഴലിക്കാറ്റുകൾ മാത്രമേ രൂപപ്പെട്ടിരുന്നുള്ളു. എന്നാൽ മനുഷ്യന്റെ കൈകടത്തലുകൾ മൂലമുണ്ടായ ആഗോളതാപനവും അതെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനവും വലിയരീതിയിൽ കടലിലെ താപനില കൂടാൻ കാരണം ആയി. കാരണം ഭൗമോപരിതലത്തിൽ വർദ്ധിച്ചു വരുന്ന താപം 90% ഉം ആഗിരണം ചെയ്യുന്നത് സമുദ്രമാണ്. ഇക്കാരണത്താൽ അറബിക്കടലിലെ താപനില ക്രമാധീതമായി ഉയരുകയും തന്മൂലം ചുഴലിക്കാറ്റിന്റെ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ ആയി മാറുകയും ചെയ്തു. അതുമൂലം കേരളയും കർണാടകയുമടങ്ങുന്ന തെക്കൻ സംസ്ഥാനങ്ങളും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിനു സാധ്യതയുള്ള മേഖലകളായി മാറിക്കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് 2017 ൽ നാശനഷ്ടം വിതച്ച `ഓഖി` എന്ന സൂപ്പർ സൈക്ലോൺ.
Read Also : എറണാകുളം ഉൾപ്പെടെ കേരളത്തിലെ 7 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
വടക്ക് കിഴക്കൻ മൺസൂണിന്റെ ഫലമായി അറബിക്കടലിൽ ഇപ്പോൾ വീണ്ടും ശക്തമായ ന്യുനമർദ്ധം രൂപപ്പെട്ടിടരിക്കുകയാണ്. അറബിക്കടലിന്റെ കിഴക്കൻ മധ്യഭാഗത്തായാണ് ന്യുനമർദ്ധം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടു സമുദ്രനിരപ്പിനു മുകളിൽ ഏകദേശം 4.5 കിലോമീറ്റർ ദൂരത്തോളം ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും മനസ്സിലാകുന്നത് ന്യുനമർദ്ദത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിൽ ഉള്ള കൺവെക്ടിവ് ബാൻഡുകൾ അറബിക്കടലിൽ നിന്നുള്ള ജലവാഹികയായ കാറ്റിന്റെ ശക്തമായ സാന്നിധ്യമാണ്, ചെറിയരീതിയിൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റിന്റെയും ഗതി ഈ വശത്തേക്ക് തന്നെ കാണുന്നുണ്ട്. അറബിക്കടലിൽ ഇപ്പോൾ നിലനിൽക്കുന്ന വെർട്ടിക്കൽ വിൻഡ് ഷിയറും ഉയർന്ന സമുദ്രോപരിതല താപനിലയും, രൂപംകൊണ്ടിരിക്കുന്ന ന്യുനമർദ്ദത്തിന് ശക്തിപ്രാപിക്കാൻ ഉതകുന്ന രീതിയിലാണുള്ളത്.
അടുത്ത 24 മണിക്കൂറിൽ ഈ ന്യുനമർദ്ധം കൂടുതൽ ശക്തി പ്രാപിക്കാനും ചുഴലിക്കാറ്റായി മാറി അറബിക്കടലിന്റെ വടക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുന്നതിനും സാധ്യതയുണ്ടന്നാണ് ഇന്ത്യൻ മീറ്റിയോറോളോജിക്കൽ ഡിപാർട്‌മെന്റ് മുന്നറിയിപ്പ് നൽകുന്നത്. 23ആം തീയതിയോടു കൂടി മറ്റൊരു ന്യുനമർദ്ധമേഘലയും അതിനോടനുബന്ധിച്ച ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലായി, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ രൂപംകൊള്ളാനും സാധ്യതയുണ്ട്. ഈ രണ്ടു ന്യുനമർദ്ദങ്ങളും ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ കനത്ത കാലാവസ്ഥ വ്യതിയാനത്തിനും വർദ്ധിച്ച വർഷപാതത്തിനും കാരണമാകും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ , അടുത്ത നാലു ദിവസത്തേക്ക് അറബിക്കടലിലെ ന്യുനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ന്യുനമർദ്ദ പ്രദേശവും ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ഇടിമുഴക്കത്തിനും കാരണമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here