ഐഎൻഎക്‌സ് മീഡിയ കേസ്; സിബിഐ സമർപ്പിച്ച കുറ്റപത്രവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് റോസ് അവന്യു കോടതി

ഐഎൻഎക്‌സ് മീഡിയ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രവുമായി മുന്നോട്ട് പോകാൻ ഡൽഹി റോസ് അവന്യു കോടതി തീരുമാനിച്ചു. വ്യാഴാഴ്ച പി ചിദംബരത്തെ ഹാജരാക്കാൻ നിർദേശം നൽകിയ കോടതി, കാർത്തി ചിദംബരം അടക്കം മറ്റ് പ്രതികൾക്ക് സമൻസ് അയക്കാനും ഉത്തരവിട്ടു.
അതേസമയം, പി ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രിംകോടതി നാളെ വിധി പറയും. ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്. ഐഎൻഎക്‌സ് മീഡിയക്ക് അനധികൃത വിദേശ നിക്ഷേപത്തിന് ഒത്താശ ചെയ്ത് പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ചിദംബരം അടക്കം പ്രതികൾക്കെതിരെയുള്ള സിബിഐ ആരോപണം.
വലിയ ഗൂഢാലോചന നടന്ന ഇടപാടാണിതെന്നും കൃത്യമായ തെളിവുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും പുറമേ ഐഎൻഎക്‌സ് മീഡിയയുടെ വ്യവസായ പങ്കാളി പീറ്റർ മുഖർജി, ചാർട്ടേർഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമൻ, നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുല്ലർ തുടങ്ങി പതിനാല് പേരാണ് പ്രതിപട്ടികയിലുള്ളത്. കൂട്ടുപ്രതി ഇന്ദ്രാണി മുഖർജിയെ സിബിഐ മാപ്പു സാക്ഷിയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here