സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വിധിയെഴുത്ത് ഇന്ന്

voters

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഏഴു മണിയോടെ പോളിങ് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇത് നേരിടുന്ന സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനവും, മൈക്രോ ഒബ്‌സർവർമാരെയും ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അഞ്ച് മണ്ഡലങ്ങളിലുമായി 140 ബൂത്തുകളിൽ വെബ് കാസ്റ്റിങുണ്ടാകും. 9,57,550 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലുമായി വിധിയെഴുതുന്നത്. 3696 പോലീസുദ്യോഗസ്ഥരെ സുരക്ഷാ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്‌ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.

ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്‌റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്‌റ്റേഷനുകളുമാണുള്ളത്.

എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സുഷമ ഗോഡ്‌ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരിൽ ഡോ: അരുന്ധതി ചന്ദ്രശേഖർ, കോന്നിയിൽ ഡോ. പ്രസാദ് എൻ.വി, വട്ടിയൂർക്കാവിൽ ഗൗതം സിംഗ് എന്നിവരാണ് പൊതു നിരീക്ഷകർ. മഞ്ചേശ്വരത്ത് കമൽജീത്ത് കെ. കമൽ, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരിൽ മൈമും ആലം, കോന്നിയിൽ കെ. അരവിന്ദ്, വട്ടിയൂർക്കാവിൽ മൻസറുൾ ഹസൻ എന്നിവരാണ് ചെലവ് നിരീക്ഷകർ.

മഞ്ചേശ്വരത്ത് 63 ഉം, അരൂരിൽ ആറും, കോന്നിയിൽ 48 ഉം, വട്ടിയൂർക്കാവിൽ 13 ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്‌സർവർമാർമാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്‌സർവർമാർ ഇല്ല. മഞ്ചേശ്വരത്ത് 19 ഉം, എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top