മരട് ഫ്‌ളാറ്റ്; ആൽഫ വെഞ്ചേഴ്‌സ് എംഡി പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ആൽഫ വെഞ്ചേഴ്‌സ് എംഡി പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ കോടതി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം കേസ് ഡയറി ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളിയത്. മരടിൽ നിയമം ലംഘിച്ചു നിർമിച്ച ഫ്‌ളാറ്റുകൾ പൊളിച്ചു കളയാൻ സുപ്രിം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ആൽഫ സെറീൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരിയായിരുന്ന സൂസൻ തോമസ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പോൾ രാജിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യം തേടി പോൾ രാജ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയതോടെ പോൾ രാജിനെ ക്രൈംബ്രാഞ്ച് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. നേരത്തെ ഈ കേസിൽ ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ് ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here